
കൊല്ലം: കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. പിന്നാലെ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. എന്ത് വസ്ത്രമിട്ടും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം. സംഭവത്തില്‍ അധ്യാപിക പൊലീസിൽ പരാതി നൽകി.
രാവിലെ എട്ടേ മുക്കാലോടെയാണ് നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയായ സിന്ധു എത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയതിനാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്ന ജീവനക്കാരൻ്റെ മറുപടി. കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്നാണ് അധ്യാപികയുടെ പരാതി. എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയിൽ പൊലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam