
കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയെക്കൊണ്ട് പൊലീസ് നിര്‍ബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല. മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചു. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങൾ എന്ന് പറഞ്ഞ് പൊലീസ് എടുത്ത് കൊണ്ട് പോയത് മകന്റെ ടെക്സ്റ്റ് ബുക്ക് ആണെന്നും താഹയുടെ അമ്മ പറഞ്ഞു.
Read Also: അലനും താഹയും 15 ദിവസത്തേക്ക് റിമാന്‍ഡില്‍: ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
പെരുമണ്ണയിൽ നിൽക്കുകയായിരുന്ന താഹ ഒരാൾ ഓടിപ്പോവുന്നത് കണ്ടു. ഇയാൾ വലിച്ചെറിഞ്ഞ ബാഗ് പൊലീസ് പരിശോധിക്കുമ്പോൾ എന്താണെന്ന് ചോദിക്കാൻ പോയ താഹയെ, നീയും ഇതിൽ പെട്ടവനാണല്ലേ എന്ന് പറഞ്ഞ് പിടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നെന്നാണ് ജമീല പറയുന്നത്. പുലർച്ചെ ഒന്നരയോടെ താഹയെ വീട്ടിലെത്തിച്ച പൊലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു. അയൽവാസികളെയെല്ലാം വിളിച്ച് വരുത്തിയ ശേഷമാണ് മുദ്രാവാക്യം വിളിപ്പിച്ചത്.മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹയുടെ വായ പൊലീസ് പൊത്തിപ്പിടിച്ചു. താഹയെ പൊലീസ് ഉപദ്രവിച്ചു.
സിപിഎം അനുഭാവികളായ തങ്ങളുടെ വീട്ടിൽ പാർട്ടി കൊടി ഉണ്ടാവുന്നത് തെറ്റാണോ? ആ കൊടിയാണ് പൊലീസുകാർ തെളിവെന്നും പറഞ്ഞെടുത്തത്. താഹക്ക് മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ കൊറിയറിൽ വരുന്നത് നിങ്ങൾ കാണാറില്ലേ എന്ന് പൊലീസ് തന്നോട് ചോദിച്ചു. യാതൊരു വിധത്തിലുള്ള മാവോയിസ്റ്റ് അനുകൂല നിലപാടും താഹ മുമ്പ് പറഞ്ഞ് കേട്ടിട്ടില്ല. കുടുംബം പോറ്റാൻ ഓടുന്ന മകന് അതിനൊന്നും നേരമില്ലെന്നും താഹയുടെ അമ്മ പറഞ്ഞു.
'ഇക്വിലാബ് സിന്ദാബാദ് മാവോയിസ്റ്റ് സിന്ദാബാദ്' എന്ന് താഹയെക്കൊണ്ട് വിളിപ്പിച്ചതായി അയല്‍വാസി പറഞ്ഞു. മുദ്രാവാക്യം വിളിച്ചപ്പോള്‍ അപ്പോൾ അടുത്തേക്ക് പോയ ജമീലയോട് ,ഇങ്ങനെ വിളിക്കാൻ പൊലീസ് പറഞ്ഞതാണെന്ന് താഹ പറഞ്ഞതായി കേട്ടിരുന്നു. അപ്പോഴാണ് പൊലീസ് താഹയുടെ മുഖം പൊത്തിപ്പിടിച്ചതെന്നും അയൽവാസി പറഞ്ഞു.
Read Also: 'ഇത് ഭരണകൂട ഭീകരത'; ലഘുലേഖ പിടിച്ചെടുത്തിട്ടില്ലെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായവര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam