അതേസമയം തങ്ങളുടെ കൈയില്‍ നിന്നും ലഘുലേഖകളൊന്നും പൊലീസ് പിടിച്ചെടുത്തിട്ടില്ല കോടതിയില്‍ വച്ചു മാധ്യമങ്ങളെ കണ്ട താഹ പറഞ്ഞു. സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പൊലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്നും സ്റ്റേഷനില്‍ വച്ചു തന്നെ പൊലീസ് മര്‍ദ്ദിച്ചെന്നും താഹ ആരോപിച്ചു.

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. അതേസമയം തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്ന് കോടതിയില്‍ വച്ച് യുവാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നും അലന്‍ ഷുഹൈബ്, താഹാ ഫൈസല്‍ എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത് എന്നായിരുന്നു പൊലീസ് ഭാഷ്യം. 

അതേസമയം തങ്ങളുടെ കൈയില്‍ നിന്നും ലഘുലേഖകളൊന്നും പൊലീസ് പിടിച്ചെടുത്തിട്ടില്ല കോടതിയില്‍ വച്ചു മാധ്യമങ്ങളെ കണ്ട താഹ പറഞ്ഞു. സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന തന്നെ പൊലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്നും സ്റ്റേഷനില്‍ വച്ചു തന്നെ പൊലീസ് മര്‍ദ്ദിച്ചെന്നും താഹ ആരോപിച്ചു. ഭരണകൂട ഭീകരതയാണ് തങ്ങളോട് കാണിക്കുന്നതെന്ന് പൊലീസ് പിടിയിലായ അലനും ആരോപിച്ചു. 

അതേസമയം ലഘുലേഖകള്‍ കൈവശം വച്ചെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായെങ്കിലും ഈ നടപടിയില്‍ പൊലീസ് ഉറച്ചു നില്‍ക്കുകയാണ്. യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണെന്നും മാവോയിസ്റ്റുകളുമായി യുവാക്കള്‍ക്ക് എത്രത്തോളം അടുപ്പമുണ്ടെന്ന് അറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു.