താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ്: അട്ടിമറിക്ക് ശ്രമം, വനംവകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ കൂറുമാറി

Published : Jan 29, 2023, 09:16 AM ISTUpdated : Jan 29, 2023, 12:25 PM IST
താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ്: അട്ടിമറിക്ക് ശ്രമം, വനംവകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ കൂറുമാറി

Synopsis

കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ 2013 നവംബര്‍ 15ന് നടന്ന മലയോര ഹര്‍ത്താലിനിടെയായിരുന്നു മലയോര മേഖല മുമ്പ് കാണാത്ത രീതിയിലുളള അഴിഞ്ഞാട്ടം നടന്നത്. പട്ടാപ്പകല്‍ നടന്ന അക്രമമായിരുന്നു അത്. മണിക്കൂറുകളോളം നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോഴിക്കോട്: താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ് അട്ടിമറിക്കാന്‍ വന്‍ നീക്കം. കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം കൂറുമാറി. വിചാരണക്കിടെ എട്ട് സാക്ഷികളാണ് കൂറുമാറിയത്. ഫോറസ്റ്റ് വകുപ്പിലെ ഒരു ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും കൂറുമാറിയവരിലുണ്ട്. ഇവർക്ക് പുറമെ ഒരു സിവിൽ പൊലീസ് ഓഫീസറും കൂറുമാറി. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞില്ല. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് പ്രതികളുടെ കൂറുമാറ്റം. 2013 നവംബർ 15ന് കസ്തൂരിരംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെയാണ് വനം വകുപ്പ് ഓഫീസ് ആക്രമിക്കപ്പെട്ടത്.

ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ.കെ രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രവീണ്‍, സുരേന്ദ്രന്‍ എന്നിവരാണ് കൂറുമാറിയ വനംവകുപ്പ് ജീവനക്കാര്‍. താമരശേരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന പുരുഷോത്തമനാണ് കൂറുമാറിയ മറ്റൊരാള്‍. പ്രതികളെ അറസ്റ്റ് ചെയ്ത അന്നത്തെ താമരശേരി ഡിവൈഎസ്പി ജെയ്സണ്‍ കെ എബ്രഹാം, സര്‍ക്കിള്‍ ഇന്‍സ്പെക്ടറും നിലവില്‍ കോഴിക്കോട് അസി. കമ്മീഷണറുമായ ബിജുരാജ് തുടങ്ങിയവര്‍ക്കാകട്ടെ പ്രതികളെ തിരിച്ചറിയാനുമായില്ല. ലോക്കല്‍ പൊലീസ് തുടക്കമിട്ട അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എസ്പിയായി വിരമിച്ച പിപി സദാനന്ദന്‍റെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. അക്രമികളുടെ ദൃശ്യങ്ങളും ഇവര്‍ എത്തിയ വാഹനങ്ങളും ആക്രണത്തിന് ഉപയോഗിച്ച ആയുധങ്ങളുമടക്കം നിര്‍ണായതെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. വിചാരണയ്ക്കിടെ നിര്‍ണായകമായ കേസ് ഡയറിയും കാണാതായിരുന്നു. താമരശേരി സ്റ്റേഷനിലും ഡിവൈഎസ്പി ഏഫീസിലുമായി സൂക്ഷിച്ചിരുന്ന കേസ് ഡയറി കാണാതായെന്ന കാര്യം അന്നത്തെ ഡിവൈഎസ്പി തന്നെയായിരുന്നു കോടതിയെ അറിയിച്ചത്.

കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ 2013 നവംബര്‍ 15ന് നടന്ന മലയോര ഹര്‍ത്താലിനിടെയായിരുന്നു മലയോര മേഖല മുമ്പ് കാണാത്ത രീതിയിലുളള അഴിഞ്ഞാട്ടം നടന്നത്. പട്ടാപ്പകല്‍ നടന്ന അക്രമമായിരുന്നു അത്. മണിക്കൂറുകളോളം നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജില്ലയിലെ മലയോര മേഖലകളില്‍ നിന്ന് ടിപ്പറുകളിലും ചെറു ലോറികളിലുമായെത്തിയ ആള്‍ക്കൂട്ടം താമരശേരി വനംവകുപ്പ് ഓഫീസ് ആക്രമിച്ചു. ഫയലുകള്‍ തീയിട്ട് നശിപ്പിച്ചു. വനം വകുപ്പ് ജീവനക്കാരെ ആക്രമിച്ചു. കെഎസ്ആര്‍ടിസി ബസും മാധ്യമങ്ങളുടെ വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. 77 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ കേസാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്. 

കേസ് ഡയറി കാണാനില്ല, താമരശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ് വിചാരണ പ്രതിസന്ധിയില്‍

നൂറുകണക്കിന് ആളുകള്‍ അക്രമത്തിലുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകളോടെ 35 പേരെയാണ് പ്രതി ചേര്‍ത്തത്. സംഭവത്തിന് ദൃക്സാക്ഷികളാവുകയും പ്രതികളെ പിടികൂടുകയും ചെയ്ത ഉദ്യോഗസ്ഥരടക്കമുളളവരെ സാക്ഷികളാക്കി. ഇതുവഴി കേസിന് ബലം പകരാനായിരുന്നു അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാ‍ഞ്ചിന്‍റെ പ്രതീക്ഷ. എന്നാല്‍ ഏറ്റവും നിര്‍ണായക സാക്ഷികളാണ് ഇപ്പോള്‍ കൂറുമാറിയിരിക്കുന്നത്. 26 സാക്ഷികളില്‍ എട്ടു പേര്‍ ഇതുവരെ കൂറു മാറി. 

ഇതില്‍ മൂന്നു പേര്‍ വനം വകുപ്പ് ഉദ്യേഗസ്ഥരും ഒരാള്‍ താമരശേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമാണ്. വിചാരണ വേളയില്‍ കൂറുമാറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി തന്നെ നടപടിക്ക് നിര്‍ദ്ദേശിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും ഏറ്റവുമധികം ആക്രമണത്തിന് ഇരയായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കൂറുമാറിയതിന് കാരണം എന്താണ്? നിർണായക സാക്ഷികളുടെ കൂറുമാറ്റത്തോടെ ഈ കേസിന്‍റെ ഭാവി എന്താകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം