എട്ട് മണിക്കൂർ പിന്നിട്ട് വിഎസിൻ്റെ വിലാപ യാത്ര; കാലിടറാതെ മണിക്കൂറുകൾ കാത്തുനിൽപ്പ്, ആറ്റിങ്ങലിൽ ജനസാ​ഗരം

Published : Jul 22, 2025, 10:39 PM IST
vs achuthanandan

Synopsis

മണിക്കൂറുകൾ പിന്നിടുമ്പോൾ പകുതി ദൂരം പോലും വിലാപ യാത്ര പിന്നിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ വിലാപയാത്രയുടെ വേ​ഗം കൂട്ടിയിട്ടുണ്ട്.

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആറ്റിങ്ങലെത്തി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര എട്ടു മണിക്കൂർ പിന്നിടുമ്പോഴാണ് ആറ്റിങ്ങലിലെത്തുന്നത്. നിലവിൽ വിലാപയാത്ര 28 കിലോമീറ്ററാണ് പിന്നിട്ടിരിക്കുന്നത്. മൂന്നുമുക്കിലും ബസ് സ്റ്റാൻ്റിലും പൊതുജനത്തിന് അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കും. വഴിനീളെ റോഡിനിരുവശവും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. 

മണിക്കൂറുകൾ പിന്നിടുമ്പോൾ പകുതി ദൂരം പോലും വിലാപ യാത്ര പിന്നിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ വിലാപയാത്രയുടെ വേ​ഗം കൂട്ടിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും അന്തിമോപചാരമർപ്പിക്കാൻ സൗകര്യമുണ്ടാവില്ല. അധികം വൈകാതെ തന്നെ വിലാപ യാത്ര തിരുവനന്തപുരം ജില്ല വിട്ട് കൊല്ലത്തേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിൻ്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ പിണറായി താമസസ്ഥലത്തേക്ക് തിരിച്ചു.

ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിലാപ യാത്ര വൈകുന്ന സാഹചര്യത്തിൽ പാർട്ടി നേതാക്കളും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ വലിയ ചുടുകാട്ടിലാണ് സംസ്കാരം നടക്കുക. വിഎസിനെ ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു. 

രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം