മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം, അന്വേഷണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറിന്

By Web TeamFirst Published Aug 12, 2020, 8:22 AM IST
Highlights

വ്യാജ പ്രചരണങ്ങളിൽ കൃത്യമായി തുടരന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ അന്വേഷിക്കും. സൈബർ പൊലീസ്, സൈബർ സെൽ, സൈബർ ഡോം എന്നിവങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരെഞ്ഞെടുക്കാം. മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയിയയിൽ നടക്കുന്ന ആക്രമണം  സൈബർ ഡോം പരിശോധിച്ച് 24 മണിക്കൂറിനകം ഡിജിപിക്ക് റിപ്പോർട്ട് നൽകും. വ്യാജ പ്രചരണങ്ങളിൽ കൃത്യമായി തുടരന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിൽ വലിയ സൈബറാക്രമണമാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ നടക്കുന്നത്. കുടുംബാംഗങ്ങള്‍ക്കെതിരെ വരെ സൈബറിടത്തിൽ ആക്രമണമുണ്ടായി. 

'അധിക്ഷേപമാണോ സംവാദമാണോ എന്ന് നോക്കട്ടെ', സൈബർ ആക്രമണത്തിൽ ഒഴുക്കൻ മറുപടിയുമായി മുഖ്യമന്ത്രി

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ആരോഗ്യകരമായ സംവാദമാകണം നടക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നുമായിരുന്നു ഇന്നലെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം. 

 

click me!