തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ വനിതകളടക്കമുള്ള മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം സൈബർ അണികളും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും നടത്തുന്ന പരാമർശങ്ങൾ 'അധിക്ഷേപകരമാണോ അതോ സംവാദമാണോ' എന്ന് പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ കെയുഡബ്ല്യുജെ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ല, പ്രസ്താവനയും കണ്ടിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, താനാരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞു. അനാരോഗ്യകരമായ സംവാദം നല്ലതല്ലെന്നും മുഖ്യമന്ത്രി പറയുന്നു.

''എന്താണ് സംഭവിച്ചത് എന്ന് നോക്കട്ടെ, എന്‍റെ ശ്രദ്ധയിൽ ഇത് പെട്ടിട്ടില്ല. ആരോഗ്യകരമായ സംവാദം നടക്കട്ടെ. അനാരോഗ്യകരമായ സംവാദം നല്ലതല്ല. 
കെയുഡബ്ല്യുജെയുടെ പരാതി കിട്ടിയിട്ടില്ല. എനിക്കെതിരെ നിരവധി ആക്ഷേപങ്ങളുയർന്നിട്ടുണ്ട്. എന്നിട്ടും ഞാനാർക്കെതിരെയും വ്യക്തിപരമായി അധിക്ഷേപം നടത്തിയിട്ടില്ല'', എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

വ്യക്തിപരമായ അധിക്ഷേപം താനോ തന്‍റെ ഭാഗത്ത് നിൽക്കുന്ന ആളുകളോ നടത്തിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. മാധ്യമങ്ങൾക്ക് നിക്ഷിപ്ത താത്പര്യമുണ്ട് എന്നും മുഖ്യമന്ത്രി വിമർശിക്കുന്നു. ''നിങ്ങളോട് പറയുന്നവർ പറയുന്നതനുസരിച്ച് നിങ്ങൾ പ്രവർത്തിക്കുന്നു. ആ ബാധ്യസ്ഥത നിങ്ങൾക്കുണ്ട്. സൈബറാക്രമണം ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ച് നടത്തുന്ന ആരോപണങ്ങളാണ്. സംവാദം മറ്റൊന്നാണ്. വസ്തുതകളെ വസ്തുതകളായി കാണണം. എനിക്കെതിരെ കുറേക്കാലമായി ആക്ഷേപമുന്നയിക്കുന്നു. നിലവാരം വിട്ടും ആക്ഷേപങ്ങൾ വന്നിട്ടുണ്ട്. തിരികെ വ്യക്തിപരമായി നിങ്ങൾക്കെതിരെ എന്തെങ്കിലും എന്‍റെ ഭാഗത്തു നിന്ന് വന്നിട്ടുണ്ടോ? എന്‍റെ ആളുകളുടെ അടുത്ത് നിന്ന് വന്നിട്ടുണ്ടോ? അതെന്‍റെ സംസ്കാരമല്ല'', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോണിനെതിരെ നടത്തിയ മോശം പരാമ‌ർശങ്ങൾ മാധ്യമപ്രവ‍ർത്തകർ വാ‍ർത്താസമ്മേളനത്തിൽ ഉന്നയിച്ചപ്പോൾ, പരിശോധിക്കുമെന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ മറുപടി. ''എന്‍റെ പ്രസ് സെക്രട്ടറിയും മാധ്യമപ്രവർത്തകൻ തന്നെയാണല്ലോ. അപ്പോൾ മാധ്യമപ്രവ‍ർത്തകരായ നിങ്ങൾ തന്നെ ആരോഗ്യപരമായി സംവദിച്ച് തീർക്കുകയാണ് നല്ലത്'', എന്ന് മുഖ്യമന്ത്രി. 

സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അത് വ്യക്ത്യാധിക്ഷേപമാണോ എന്ന് പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ചത്. 

''ഇതിന് മുമ്പും ആക്ഷേപങ്ങൾ വന്നപ്പോൾ ഞാൻ ഒരു പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നപ്പോഴാണ് വന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ആക്ഷേപം വന്നു. എന്നാൽ അതിൽ ചില വിമർശനങ്ങൾ ഈ അവസാനത്തെ തെരഞ്ഞെടുപ്പ് വർഷത്തിൽ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വഴി തിരിച്ച് വിടലാകാം. എന്ന് വച്ച് നിങ്ങളെ കൈകാര്യം ചെയ്ത് കളയാം എന്ന നില എന്നാണ് ഞാൻ എടുത്തത്? അങ്ങനെ ഒരനുഭവമില്ല'', എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിൽ ശക്തമായ സൈബറാക്രമണമാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ നടക്കുന്നത്. എന്നാൽ ഇത് സൈബറാക്രമണമാണോ സംവാദമാണോ എന്ന് പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്.