
തിരുവനന്തപുരം: കിഫ്ബിയിലെ ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. മാധ്യമങ്ങളെ അറിയിച്ചായിരുന്നു ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വന്നത്. പാസ്‍വേർഡ് തരാമെന്ന് പറഞ്ഞു, സമയമെടുത്തും രേഖകളും കണക്കും പരിശോധിക്കാമെന്ന് അറിയിച്ചു എന്നാൽ അത് പോര ആളെ കൂട്ടി വരാനാണ് ഐആർഎസ് ഉദ്യോഗസ്ഥർ ശ്രമച്ചിതെന്ന് ഐസക്ക് ആരോപിക്കുന്നു. ഭീഷണിപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. കിഫ്ബിയുടെ സൽപ്പേര് കളയാനാണ് ശ്രമമെന്നാണ് ഐസക്കിന്റെ ആരോപണം. ഊളത്തരമെന്നാണ് റെയ്ഡിനെ ഐസക് വിശേഷിപ്പിച്ചത്.
നികുതി അടയ്ക്കേണ്ട ഉത്തരവാദിത്വം സ്പെഷ്യൽ പർപ്പസ് വെഹിക്കളിനാണ് കരാറുകാരുമായി കിഫ്ബിക്ക് ബന്ധമില്ലെന്ന് ഐസക്ക് ആവർത്തിക്കുന്നു. 73 കോടി രൂപ ടിഡിഎസ് മാത്രമായി വിവിധ വകുപ്പുകൾക്ക് കിഫ്ബി നൽകിയിട്ടുണ്ട്. കടുത്ത ഭാഷയിലായിരുന്നു ഐസക്കിന്റെ പ്രതികരണം. കിഫ്ബിയുടെ മേക്കിട്ട് കയറാൻ വരേണ്ടെന്നും ഇപ്പോൾ ചെയ്യുന്നതെല്ലാം ദില്ലിയിലെ യജമാനന് വേണ്ടിയാണെന്നും പറഞ്ഞ ഐസക്ക് മഞ്ചീത്ത് സിംഗിന് വിവരമില്ലെങ്കൽ സഹാറ കേസ് എടുത്ത് പഠിക്കട്ടേയെന്നും അപ്പോൾ അറിയാം കെ എം എബ്രഹാമാരാണെന്നും വെല്ലുവിളിച്ചു. പ്രണബ് കുമാർ മുഖർജി തലങ്ങും വിലങ്ങും നോക്കിയിട്ട് എബ്രഹമിനെ ഒന്നും ചെയ്യാനായിട്ടില്ല, പിന്നെയാണ് ഈ ജൂനിയർ ഉദ്യോഗസ്ഥൻ എന്നാണ് ഐസക്കിന്റെ വെല്ലുവിളി.
വൈകാതെ ഇഡിയുടെ വരവും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ ഐസക്ക് നിർമ്മല സീതാരാമനെയും പരിഹസിച്ചു. കിഫ്ബിയെ വിമർശിച്ചിട്ട് കിഫ്ബി മോഡൽ സ്ഥാപനം കേന്ദ്രം ഉണ്ടാക്കിയെന്നാണ് പരിഹാസം.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട ഐസക്ക് കേസെടുത്താൽ അപ്പോ കാണാമെന്നും വെല്ലിവിളിച്ചു. സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. കിഫ്ബിയെ ഉടച്ച് വാർക്കുമെന്ന് യുഡിഎഫ് പറയുന്നു. ഉടയ്ക്കുന്നതിന് മുമ്പ് വാർക്കുന്നതെങ്ങനെയെന്ന് പറയണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam