
തിരുവനന്തപുരം: കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ് (30), ജ്യേഷ്ഠ സഹോദരൻ ജവാദ് (35) ഇവരുടെ സഹോദരീ പുത്രനായ സഹ്വാൻ (16) എന്നിവരാണ് മരിച്ചത്.
ബീമാപ്പള്ളിയിൽ നിന്നുള്ള എട്ടംഗ സംഘത്തിൽ പെട്ടവരാണ് ഇവർ. ഒപ്പമുണ്ടായിരുന്ന 20 കാരിയായ പെൺകുട്ടി കയത്തിൽ അകപ്പെട്ടപ്പോൾ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയതാണ് മൂന്ന് പേരുമെന്നാണ് വിവരം. പ്രദേശവാസികളും റിസോർട്ട് ജീവനക്കാരനും നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ കയത്തിലിറങ്ങിയതെന്നാണ് ആരോപണം.
മുള്ളുവേലി കെട്ടി അടച്ചത് എടുത്ത് മാറ്റിയാണ് സംഘം കയത്തിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ വിതുര ആശുപത്രിയിലേക്ക് മാറ്റി. ആറ് മാസം മുൻപും ഇവിടെ അപകടം നടന്നിരുന്നു. ഇവിടെ മുൻപും അപകടം നടന്നിട്ടുണ്ട്. വളരെ ആഴമുള്ള ഇടമാണ് ഇത്.
എട്ട് പേരുടെ സംഘം പൊന്മുടി പാത തകർന്നതിനാലാണ് കല്ലാറിലേക്ക് എത്തിയത്. സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി ആദ്യം കയത്തിൽ അകപ്പെട്ടു. രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന നാല് പേർ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കരയ്ക്ക് എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം.
രണ്ട് പുരുഷന്മാരും രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam