
കോഴിക്കോട്: മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്ന് കോഴിക്കോട് നിന്ന് വന്നത്. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയവര്‍ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരി പൊയ്യ പുളിക്കമണ്ണില്‍ക്കടവിലായിരുന്നു ദാരുണമായ അപകടം നടന്നത്.
കുന്നമംഗലം കാരിപ്പറമ്പതക്ക് സിദ്ധാര്‍ത്ഥന്റെ ഭാര്യ സിന്ധു(മിനി 48), ഇവരുടെ മകളും വൈത്തിരി കാവുമന്നം രാജേഷിന്റെ ഭാര്യയുമായ ആതിര(25), പൊയ്യ കുഴിമണ്ണില്‍ ഷിനിജയുടെയും ഷാജിയുടെയും മകന്‍ അദ്വൈത്(13) എന്നിവരാണ് മരിച്ചത്. ഷിനിജ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അദ്വൈതിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു സിന്ധുവും ആതിരയും. വൈകീട്ട് എല്ലാവരും ചേര്‍ന്ന് പൊയ്യ കടവില്‍ കുളിക്കാനായി പോയതായിരുന്നു. ഇതിനിടെ അദ്വൈത് പുഴയില്‍ മുങ്ങിപ്പോയി. രക്ഷിക്കാനായി ഇറങ്ങിയ ആതിരയും സിന്ധുവും ഷിനിജയും അപകടത്തില്‍പ്പെടുകയായിരുന്നു. അദ്വൈതിന്റെ കുടുംബം രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് ഇവിടെ താമസമാക്കിയത്. അതുകൊണ്ടുതന്നെ പുഴയെ കുറിച്ച് കുടുംബത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
കരയിലുണ്ടായിരുന്ന, ആതിരയുടെ ആറ് വയസുള്ള കുട്ടിയും, അദ്വൈതിന്റെ സഹോദരിയും മാത്രമാണ് ആ സമയം കരയിൽ ഉണ്ടായിരുന്നത്. ഇവരുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ അപകടം ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അരമണിക്കൂറോളം പിന്നിട്ടിരുന്നു. ഇതിനിടയില്‍ ഷിനിജയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. മറ്റു മൂന്നുപേരും ഇതിനോടകം തന്നെ മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam