പരാതികൾക്ക് സമയബന്ധിത പരിഹാരം; കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം, എച്ച്.എം. ആക്‌ട്‌സ്, ഹോംസ് ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി

Published : Nov 03, 2026, 05:26 PM IST
Ramesh chennithala

Synopsis

ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികൾ വേഗത്തിൽ തീർപ്പാക്കാനും കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം അറിയാനുമായി എച്ച്എം ആക്‌ട്‌സ്, ഹോംസ് എന്നീ ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി. പൊലീസിലെ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയർത്താനും കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങൾ തടയാനും സർക്കാർ ലക്ഷ്യമിടുന്നു.

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുമായി രണ്ടു ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി. എച്ച്എം ആക്‌ട്‌സ്, ഹോംസ് എന്നീ പദ്ധതികൾ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പരാതികൾ സമയബന്ധിതമായി പരിഹരിച്ച് ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനും പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.

ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികൾ കൃത്യമായി താഴെത്തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരിലേക്ക് എത്തിച്ച് നടപടിയെടുക്കുന്നതിനുള്ള സംവിധാനമാണ് എച്ച്.എം. ആക്‌ട്‌സ്. മന്ത്രിയുടെ നിർദേശങ്ങൾക്കനുസരിച്ച് പരാതികളിൽ നടപടി സ്വീകരിക്കുകയും അതിന്റെ വിവരങ്ങൾ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ലഭിക്കുന്ന നിവേദനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യാനും പരാതിയുടെ നിലവിലെ സ്ഥിതിയും സ്വീകരിച്ച നടപടികളും അറിയിക്കാനും ഇതിലൂടെ സാധിക്കും. സിവിൽ പൊലീസ് ഓഫിസർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും 24 മണിക്കൂറും പൊലീസ് സേവനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും.

സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും തത്സമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹോംസ്. ഇതിനായി പ്രത്യേക ഡാഷ്‌ബോർഡ് സജ്ജീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമ്പോഴും അന്വേഷണത്തിൽ ഇടപെടാത്ത രീതിയിലാണ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി നിലനിർത്തും.

കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐ-കോപ്പ്സാണ് രണ്ട് പദ്ധതികൾക്കുമുള്ള സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തത്. പദ്ധതികൾക്കായി അധിക സാമ്പത്തിക ചെലവുണ്ടായിട്ടില്ലെന്ന് മന്ത്രി പൊലീസ്‌ ആസ്ഥാനത്ത്‌ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊലീസിന്റെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ സമ്മർദ്ദവും ജോലിഭാരവും കുറയ്ക്കുന്നതിനുമുള്ള നടപടികൾ സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ‘മൈ പൊലീസ് സ്റ്റേഷ’ന്റെ ഭാഗമായി സംസ്ഥാനത്തെ 5000 പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായും മന്ത്രി പറഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇരകൾക്കുമൊപ്പം നിൽക്കണമെന്നതാണ് സർക്കാരിന്റെ പൊലീസ് നയം.

പൊലീസിലെ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വനിതാ പൊലീസുകാരുടെ അനുപാതം 1:9ൽ നിന്ന് 3:7 ആയി ഉയർത്തിയതോടെ സംസ്ഥാന പൊലീസിൽ വനിതകളുടെ സാന്നിധ്യം 30 ശതമാനമായി ഉയരുമെന്നും മന്ത്രി അറിയിച്ചു. കുട്ടികൾക്കിടയിലെ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് തടയുന്നതിനുള്ള പദ്ധതികൾ ആലോചനയിലാണ്. സംസ്ഥാന സർക്കാരിന്റെ സിഗ്നേച്ചർ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ വിജയകരമായി മുന്നോട്ടുപോകുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്. എല്ലാ സ്കൂളുകളിലും കോളേജുകളിലും സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നതിനായി ഐ.എം.എയുമായി സഹകരിച്ച് നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് തൊണ്ടിമുതൽ മോഷ്‌ടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതുൾപ്പെടെ സംസ്ഥാന പൊലീസ് മേധാവി കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അടൂർ പൊലീസ് സ്റ്റേഷൻ വിവാദത്തിൽ റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപരമായ നടപടികളെടുക്കും. പൊലീസിൽ കൂടുതൽ തസ്തികകൾ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് അഭിമാനാർഹമായ നേട്ടം; ആഭ്യന്തര ചരക്ക് നീക്കത്തിൽ വൻ വളർച്ച