
തൃശൂര്‍: കെ മുരളീധരനെ വടകരയില്‍ നിന്ന് മാറ്റി തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ടിഎൻ പ്രതാപൻ. തൃശൂരില്‍ സുരേഷ് ഗോപിക്കും വി എസ് സുനില്‍കുമാറിനുമെതിരെ ടിഎൻ പ്രതാപനായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ പത്മജ വേണുഗോപാല്‍ ബിജെപിക്ക് വേണ്ടി ചാലക്കുടിയിലിറങ്ങുമെന്നായപ്പോള്‍ കോണ്‍ഗ്രസ് അടവ് മാറ്റുകയായിരുന്നു.
വടകരയില്‍ നിന്ന് കെ മുരളീധരനെ മാറ്റി തൃശൂരില്‍ കൊണ്ടുവരാൻ തീരുമാനമായി. ഇത് മുരളീധരനെ സംബന്ധിച്ച് തൃപ്തികരമല്ലെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്. ആദ്യം പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മുരളീധരൻ പിന്നീട് ഒറ്റവാക്കില്‍ 'എവിടെയും മത്സരിക്കാൻ തയ്യാര്‍'ആണെന്ന് പിന്നീട് പ്രതികരിച്ചുവെങ്കിലും അതൃപ്തി തുടരുക തന്നെയാണ്.
ഇക്കാര്യം ചര്‍ച്ച ചെയ്യാൻ കെ സി വേണുഗോപാലിന്‍റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിനിടെയാണ് പ്രവര്‍ത്തകരിലേക്ക് ആവേശം പകരുന്നതിനായി മുരളീധരന് വേണ്ടി ടിഎൻ പ്രതാപൻ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
തന്‍റെ വീടിന് സമീപമുള്ള മതിലില്‍ തന്നെയാണ് ടി എൻ പ്രതാപന്‍റെ ചുവരെഴുത്ത്. മുരളീധരന് വേണ്ടിയുള്ള പ്രചാരണപരിപാടികളുടെ തുടക്കമെന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രതാപന്‍ ചുവരെഴുത്ത് നടത്തിയത്.
തൃശൂരില്‍ സീറ്റ് ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നതിനാല്‍ ടി എൻ പ്രതാപനുവേണ്ടിയുള്ള പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് അപ്രതീക്ഷിതമായ സീറ്റുമാറ്റം നടന്നിരിക്കുന്നത്. കെ മുരളീധരന് വേണ്ടി താൻ തൃശൂരില്‍ സജീവമായി ഉണ്ടാകുമെന്നാണ് ടിഎൻ പ്രതാപൻ അറിയിച്ചിരിക്കുന്നത്, പാര്‍ട്ടിയുടെ തീരുമാനത്തില്‍ തനിക്ക് യാതൊരു അതൃപ്തിയുമില്ല- സന്തോഷമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Also Read:- വടകരയില്‍ നിന്ന് തൃശൂരിലേക്ക്; സീറ്റുമാറ്റത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് കെ മുരളീധരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam