ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയില്‍ നിര്‍ത്തി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാൻ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

തൃശൂര്‍: സ്ഥാനാര്‍ത്ഥിത്വം മാറ്റിയതിന് ശേഷം ആദ്യമായി പ്രതികരണവുമായി കെ മുരളീധരൻ. താൻ എവിടെ മത്സരിക്കാനും തയ്യാര്‍ ആണെന്നാണ് കെ മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥിത്വത്തിലെ മാറ്റം കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിന് താല്‍ക്കാലിക വിരാമമായി.

എന്നാല്‍ വടകരയില്‍ നിന്ന് മാറ്റിയതില്‍ കെ മുരളീധരന് അതൃപ്തിയുണ്ടെന്ന് തന്നെയാണ് സൂചന. അതേസമയം പാര്‍ട്ടിതീരുമാനത്തിന് അദ്ദേഹം വഴങ്ങുകയും ചെയ്തിരിക്കുന്നു. കെ മുരളീധരന്‍റെ സഹോദരിയും, അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍റെ മകളുമായ പത്മജ വേണുഗോപാലിന്‍റെ ബിജെ പി പ്രവേശത്തെ തുടര്‍ന്നാണ് മുരളീധരന്‍റെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്.

ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയില്‍ നിര്‍ത്തി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാൻ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ വകടര മണ്ഡലത്തില്‍ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പില്‍ മത്സരിക്കും. 

സ്ഥാനാര്‍ത്ഥിത്വം മാറിയതിന് ശേഷം ആദ്യം പ്രതികരിക്കാൻ കെ മുരളീധരൻ തയ്യാറായിരുന്നില്ല. ഇതോടെ തന്നെ മുരളീധരന്‍റെ അതൃപ്തി വ്യക്തമായിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന നിലയിലാണ് താൻ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരിക്കുന്നത്.

Also Read:- എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തി, സസ്പെന്‍ഷൻ പിൻവലിച്ചില്ലെങ്കില്‍ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo