ഈ വർഷത്തെ ടിഎൻജി പുരസ്കാരം വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക്; പുരസ്‌കാരദാനം 30 ന് കൽപ്പറ്റയിൽ

Published : Jan 26, 2025, 07:40 AM ISTUpdated : Jan 26, 2025, 07:50 AM IST
ഈ വർഷത്തെ ടിഎൻജി പുരസ്കാരം വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക്; പുരസ്‌കാരദാനം 30 ന് കൽപ്പറ്റയിൽ

Synopsis

വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറ് വ്യക്തികൾക്കും നാല് സംഘടനകൾക്കും ഈ വർഷത്തെ ടിഎൻജി പുരസ്കാരം

തിരുവനന്തപുരം: മലയാളത്തിലെ മാധ്യമ മേഖലയ്ക്കാകെ വഴിവിളക്കായി നിന്ന എഷ്യാനെറ്റ് ന്യൂസിൻ്റെ എഡിറ്റർ ഇൻ ചീഫായിരുന്ന ടി എൻ ഗോപകുമാറിന്റെ പേരിലുള്ള ടിഎൻജി പുരസ്കാര പ്രഖ്യാപിച്ചു. വയനാട് ദുരന്തത്തിൽ ജീവൻ വെടിഞ്ഞടക്കം രക്ഷാപ്രവർത്തനം നടത്തിയവർക്കാണ് ഈ വർഷത്തെ ടിഎൻജി പുരസ്കാരം. ഈ മാസം 30 ന് കൽപ്പറ്റയിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. സാമൂഹ്യ പ്രതിബദ്ധതയും സഹജീവികളോട കരുണയും കാണിക്കുന്നവർക്കാണ് എല്ലാ തവണയും എന്നപോലെ ഇത്തവണയും പുരസ്കാരം സമ്മാനിക്കുന്നത്. ആറ് വ്യക്തികൾക്കും നാല് സംഘടനകൾക്കുമാണ് പുരസ്കാരം. 

ഉരുള്‍പൊട്ടലില്‍ വിവരാണാതീതമായ ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ട വയനാട്ടിലെ മൂന്ന് ഗ്രാമങ്ങളുംഇത്തരമൊരു തിരിച്ചുവരവിന്‍റെ പാതയിലാണ്. മഹാദുരന്തത്തിന്‍റെ നടുവിലും അചഞ്ചലമായി സഹജീവി സ്നേഹത്തിന്‍റെ മാതൃകയായ നിരവധി പേരുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വജീവന്‍ നഷ്ടമായവരുണ്ട് , മരണം മുഖാമുഖം നില്‍ക്കുന്പോഴും ദുരന്തത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞവരുണ്ട്, ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തിനായിറങ്ങിയവരുണ്ട്. ഇത്തരത്തില്‍ ദുരന്തഭൂമിയില്‍ മനുഷ്യ സ്നേഹത്തിന്‍റെ മഹാമാതൃകയായി മാറിയ ഏതാനും പേരാണ് ഈ വര്‍ഷത്തെ ടിഎന്‍ജി പുരസ്കരാത്തിന് അര്‍ഹരായിട്ടുളളത്. 

പ്രജീഷ്

ചൂരല്‍മല മുണ്ടെക്കൈ ദുരന്തത്തിലെ എണ്ണിയാലൊടുങ്ങാത്ത രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലെ ഉജ്ജ്വലമായൊരു സ്മരണയാണ് പ്രജീഷ്. സ്വന്തം പ്രാണന്‍ പകരം നല്‍കി നിരവധി പേരെ ജീവിതത്തിലേക്ക് വലിച്ചുകയറ്റിയവന്‍. മുണ്ടക്കൈയും ചൂരല്‍മലയും ഒരുകാലത്തും മറക്കാത്ത പേരുകളിലൊന്ന് പ്രജീഷ് എന്ന മുപ്പത്തിനാലുകാരന്റേതാണ്. ജൂലൈ മുപ്പതിന് മഴ അസാധാരണമായി കനക്കുന്ന ഘട്ടത്തില്‍ താന്‍ ജോലി ചെയ്യന്ന റിസോര്‍ട്ടിലുണ്ടായിരുന്ന പതിനഞ്ചോളം പേരെ പ്രജീഷ് ഉച്ചയോടെ ചൂരല്‍മല അങ്ങാടിയിലെത്തിച്ച് സുരക്ഷിതരാക്കി. ചൂരല്‍മല സ്കൂള്‍ റോഡില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണെന്നറിഞ്ഞ പ്രജീഷ് സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ അങ്ങോട്ട് കുതിച്ചു. ഒരു കൈ സഹായത്തിനായി ദയനീയമായി നിലവിളിക്കുന്ന പരമാവധി ആളുകളെ ജീപ്പില്‍ മറ്റിടങ്ങളിലെത്തിച്ചു. രാത്രി ഒമ്പത് മണിക്ക് ഫോണില്‍ വിളിച്ചപ്പോള്‍ പുഴയില്‍ വെള്ളം കൂടുകയാണെന്നായിരുന്നും ഇനിയും കൂടുതല്‍ ആളുകളെ മാറ്റാനുണ്ടെന്നുമുള്ള മറുപടിയാണ് സഹോദരന്‍ പ്രവീണിന് ലഭിച്ചത്. തുടര്‍ച്ചയായുള്ള രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ക്കിടെ പ്രജീഷും ഒപ്പം ജീപ്പും മണ്ണിലാണ്ടു. പിറ്റേ ദിവസം രാവിലെ ഒമ്പതേ കാലോടെയാണ് മൃതദേഹം ചൂരല്‍മല സ്കൂള്‍ റോഡില്‍ നിന്നും കണ്ടെത്തുന്നത്. സമാനതകളില്ലാത്ത ദുരന്തം സമ്മാനിച്ച വേദനകള്‍ക്കിടയിലും പ്രജീഷ് എന്ന യുവാവ് സഹജീവി സ്നേഹത്തിന്‍റെയും ഉറവ വറ്റാത്ത മനുഷ്യനന്മയുടെയും ഉജ്വല മാതൃകയായി നിലനില്‍ക്കുന്നു. 

നീതു

ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന്‍റെ വ്യാപ്തി ഒരു ശബ്ദ സന്ദേശത്തിലൂടെ ലോകത്തെ അറിയിച്ച് മരണത്തിലേക്ക് മറഞ്ഞ നീതു. മുണ്ടക്കൈയില്‍ പൊട്ടിയ ആദ്യത്തെ ഉരുള്‍ നീതുവിന്‍റെ വീടിനു പരിസരത്തെ ഭൂരിഭാഗം വീടുകളെയും തകര്‍ത്തു. താരതമ്യേനെ സുരക്ഷിതമായ നീതുവിന്‍റെ വീടായിരുന്നു നിസഹായരായ പരിസരവാസികളുടെ അപ്പോഴത്തെ അഭയ കേന്ദ്രം. അഭയം തേടിയെത്തിയവര്‍ക്ക് നിതുവും ഭര്‍ത്താവ് ജോജോയും ആവുംവിധം ആശ്വാസം പകരുന്പോഴായിരുന്നു രണ്ടാമത്തെ ഉരുള്‍പൊട്ടല്‍. ആ സന്ദര്‍ഭത്തിലാണ് നീതു താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് ശബ്ദസന്ദേശം അയച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്പോഴേക്കും നീതുവടക്കം ആ വീട്ടിലുണ്ടായിരുന്ന അഞ്ചു പേരെയും ഉരുളെടുത്തു. പ്രകൃതിദുരന്തത്തിന്‍റെ ഭീകരതയും മനുഷ്യന്‍റെ നിസഹായതയും വെളിവാക്കുന്ന നീതുവിന്‍റെ വാക്കുകള്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്‍റെ മായാത്ത മുറിപ്പാടായി നില്‍ക്കുന്നു. 

ഷൈജ

മൂന്നു ഗ്രാമങ്ങളെയാകെ തുടച്ചുനീക്കിയ ദുരന്തത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുകയായിരുന്നു ആദ്യ ദിനങ്ങളിലെ പ്രധാന വെല്ലുവിളികളില്‍ ഒന്ന്. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രമാകെ മൃതദേഹങ്ങള്‍ വന്ന് നിറയുന്ന സമയം. തന്‍റെ പ്രിയപ്പെട്ട പലരെയും നഷ്ടപ്പെട്ടിട്ടും മനസാന്നിധ്യം വിടാതെ ജീവനറ്റ ഓരോ ശരീരങ്ങളും തിരിച്ചറിയാന്‍ സഹായം നല്‍കിയത് ഷൈജ എന്ന പൊതു പ്രവര്‍ത്തകയായിരുന്നു. തുടര്‍ച്ചയായ 11 ദിവസങ്ങള്‍ കൊണ്ട് നൂറിലേറെ ശരീരങ്ങളാണ് ഷൈജ തിരിച്ചറിഞ്ഞത്. മേപ്പാടി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം കൂടിയാണ് ഷൈജ.  

ഹാനി

മരണം മുഖാമുഖം നില്‍ക്കുന്പോഴും പ്രതീക്ഷ കൈവിടാതെ, കൈയകലത്തില്‍ ഉണ്ടായിരുന്ന ഉമ്മുമ്മയെ താങ്ങി നിര്‍ത്തുകയും ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്ത ഹാനിയുടേത് ദുരന്തഭൂമിയിലെ അവിശ്വസനീയമായ  അതിജീവന കഥകളിലൊന്നാണ്. ദുരന്തത്തില്‍ ബാപ്പയും ഉമ്മയും സഹോദരങ്ങളും നഷ്ടപ്പെട്ട പത്താം ക്ളാസുകാരന്‍. ദുരന്തത്തെ ധീരമായി നേരിട്ട ഹാനിയെത്തേടി ഇതിനോടകം പല അംഗീകാരങ്ങളും എത്തുകയും ചെയ്തു. 

മുബീന

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷികളില്‍ ഒരാള്‍. ദുരന്തത്തില്‍ ശരീരമാസകലം പരിക്കേറ്റു. രണ്ട് മക്കളെയും ഭര്‍തൃ പിതാവിനെയും നഷ്ടപ്പെട്ടു. വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികില്‍സ തുടരുന്നു. 

അനൂപ് തോമസ്

ഉരുപള്‍പൊട്ടലിനെത്തുടര്‍ന്ന് മലവെളളം കുത്തിയൊഴുകിയെത്തിയ സൂചിപ്പാറ വെളളച്ചാട്ടത്തില്‍ നിന്ന് അതിസാഹസികമായി കുട്ടികളെ രക്ഷിച്ച വനം വകുപ്പ് ജീവനക്കാരന്‍. കുട്ടികളെ രക്ഷിക്കുന്ന അനൂപ് തോമസിന്‍റെ ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ മുഖമായി മാറി.  വനവാസികളായ പേര് വെളളച്ചാട്ടത്തില്‍ കുടുങ്ങിയപ്പോഴായിരുന്നു അനീഷും സംഘവും വെളളച്ചാട്ടത്തില്‍ ഇറങ്ങി സാഹസികമായി ഇവരെ രക്ഷിച്ചത്. 

പിടിഎ മുണ്ടക്കൈ

മുണ്ടക്കൈ എന്ന ഗ്രാമത്തിന് വെളിച്ചമായി നിന്ന എല്‍പി സ്കൂള്‍. പല തലമുറകള്‍ കളിച്ചുവളര്‍ന്ന സ്കൂള്‍ മൈതാനം. മനോഹരമായ ഗുരുശിഷ്യ ബന്ധത്തിന്‍റെ വേറിട്ട കാഴ്ചകള്‍ സമീപനാളുകളില്‍ പോലും ലോകത്തിന് സമ്മാനിച്ച ഈ സ്കൂള്‍ ദുരന്തത്തില്‍ ആകെ തകര്‍ന്നു. കുട്ടികളില്‍ പലരും കണ്ണീരോര്‍മയായി മാറി. ദുരന്തത്തെ മറികടക്കാന്‍ കൈയ്മെയ് മറന്ന് നിന്ന ഈ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കേരളത്തിന്‍റെയാകെ സ്നേഹാദരങ്ങളേറ്റു വാങ്ങി. 

പിടിഎ വെളളാര്‍മല 

വയനാട്ടിലെ ഉയരമേറിയ മലയായ വെളളരിമലയുടെ താഴ്വാരത്ത് തലയുയര്‍ത്തി നിന്ന മനോഹര വിദ്യാലയം. 
പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയെയും തകര്‍ത്തെറിഞ്ഞ് ചൂരല്‍മലയെയും നക്കിത്തുടച്ചെത്തിയ ഉരുളിനെ അല്‍പമെങ്കിലും പ്രതിരോധിച്ചത് വെളളാര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടമായിരുന്നു. പാതി തകര്‍ന്നിട്ടും ഈ കെട്ടിടം സംരക്ഷിച്ചു നിര്‍ത്തിയത് ചൂരല്‍മലയുടെ ഒരു ഭാഗത്തെയും നിരവധി മനുഷ്യരുടെ ജീവനെയുമാണ്. ദുരന്താനുഭവങ്ങളുടെ നീറുന്ന ആവിഷ്കാരവുമായി വെളളാര്‍മലയിലെ കുട്ടികള്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവ വേദിയിലുമെത്തിയതും കേരളം കണ്ടു. 

ചൂരല്‍മല കാരുണ്യ റെസ്ക്യൂ

വര്‍ഷങ്ങളായി ചൂരല്‍മല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രക്ഷാപ്രവര്‍ത്തകരുടെ സംഘം. ദുരന്ത മുഖത്ത് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതും ഇവരായിരുന്നു. കാരുണ്യ റെസ്ക്യൂ സംഘത്തിന്‍റെ കോര്‍ഡിനേറ്റര്‍ ആയിരുന്ന നസീറും ദുരന്തത്തില്‍ ഓര്‍മയായി. 2019ല്‍ പുത്തുമല ദുരന്തം ഉണ്ടായപ്പോള്‍ ഏറ്റവും സജീവമായി രംഗത്തിറങ്ങിയതും ഇവരായിരുന്നു. 

900 കണ്ടി ഡ്രൈവേഴ്സ്

ഉരുള്‍പൊട്ടല്‍ ദുരന്തമറിഞ്ഞ് ദുരന്തഭൂമിയിലേക്ക് ആദ്യം പാഞ്ഞെത്തിയ ജീപ്പ് ഡ്രൈവര്‍മാരായിരുന്നു രക്ഷപ്പെട്ടവരെയുമായി ആദ്യം ആശുപത്രികളിലേക്ക് കുതിച്ചുപാഞ്ഞത്. 2019 പുത്തുമല ദുരന്ത ഘട്ടത്തിലും സമാനമായ രീതിയിലായിരുന്നു ഇവരുടെ രക്ഷാപ്രവര്‍ത്തനം. 

ദുരന്തഭൂമിയില്‍ സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ആദരം

നൂറുദ്ദീന്‍- ചൂരല്‍മല വാര്‍ഡ് അംഗം 

കനത്ത മഴ കണ്ട് അപകട സാധ്യതയുളള മേഖലകളില്‍ നിന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനായി എത്തിയതായിരുന്നു നൂറുദ്ദീന്‍. ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ നൂറുദ്ദീനും മുണ്ടക്കൈയില്‍ കുടുങ്ങി. ദുരന്തക്കുറിച്ച് ആദ്യവിവരങ്ങള്‍ മൊബൈല്‍ വീഡിയോയിലൂടെ പുറം ലോകത്തെത്തിച്ചതും നുറുദ്ദീനായിരുന്നു. പുത്തുമല ദുരന്ത ഘട്ടത്തിലും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു നൂറുദ്ദീന്‍. 

സുകുമാരന്‍ , അട്ടമല വാര്‍ഡ് അംഗം

സ്വന്തം വീട് ഉള്‍പ്പെടെ അപകട ഭീഷണിയിലായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ദുരന്തമേഖലയെക്കുറിച്ച് സേനാ അംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം കൃത്യമായ ചിത്രം നല്‍കിയതും സുകുമാരനായിരുന്നു. 

ബാബു , മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് (മുണ്ടക്കൈ വാര്‍ഡ് അംഗം )

ദുരന്ത സാധ്യത മേഖലകളിലുളള ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നേതൃത്വം നല്‍കി. ദുരന്തത്തിന്‍റെ തലേന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബാബുവും സംഘവും പുഞ്ചിമട്ടത്ത് എത്തി ആദിവാസി കോളനികളില്‍ ഉളളവര്‍ അടക്കം നിരവധി പേരെ വെളളാര്‍മല സ്കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ഇതുവഴി അപകടത്തില്‍ നിന്ന് കുറച്ച് മനുഷ്യരുടെ എങ്കിലും ജീവന്‍ രക്ഷിക്കാനായി. 

ജനകീയ ആക്ഷന്‍ കമ്മറ്റി

പുനരധിവാസം വേഗത്തിലാക്കണമെന്നാ ആവശ്യപ്പെട്ട് ദുരിബാധിതര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി. ദുരിബാധിതരുടെ വിവിധ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാനായി പ്രവര്‍ത്തിക്കുന്നു. ഗുണഭോക്തൃ പട്ടിക പുറത്ത് വന്നപ്പോള്‍ അപാകത ചൂണ്ടിക്കാട്ടി സമരരംഗത്തിറങ്ങി. 

ജനശബ്ദം ആക്ഷന്‍ കമ്മിറ്റി

മൂന്ന് വാര്‍ഡുകളിലെ ദുരിധബാധിതരായ മുഴുവന്‍ ആളുകളുടെയും സംരക്ഷണവും പുനരധിവാസവും ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്നു. 


ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിന്‍റെ സകല നന്മയും വെളിവായ സന്ദര്‍ഭമായിരുന്നു വയനാട്ടിലെ ദുരന്ത ദിനങ്ങള്‍. ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മനുഷ്യര്‍ ഒന്നിക്കുന്നതിന് ലോകം സാക്ഷികളായി. ഡിവൈഎഫ്എഫ്ഐയും വൈറ്റ് ഗാര്‍ഡ്സും സേവാഭാരതിയും യൂത്ത് കോണ്‍ഗ്രസുമെല്ലാം ഒരേ മനസോടെ രക്ഷാപ്രവര്‍ത്തകരായി. ഇവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളും അനവധി നിരവധി മനുഷ്യരും ചേ‍ർന്നുനിന്നു. ആകെ തകര്‍ന്നു പോയ നാട്ടില്‍, മരണത്തിന്‍റെ താഴ്വരയായി മാറിയ ഈ പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവർ എല്ലാവർക്കും വഴികാട്ടികളായി. വിവിധ ആക്ഷന്‍ കമ്മിറ്റികൾ ദുരന്ത ശേഷം ഈ നാടിന്‍റെ വീണ്ടെടുപ്പിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്