
തിരുവനന്തപുരം: സി പി എം ഉന്നത നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ പിജയരാജനെതിരെ ഉയന്ന സാമ്പത്തിക ആരോപണമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. സി പി എം സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജനാണ് ഇ പിക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോൾ ആരോപണ വാർത്ത പി ജയരാജൻ തള്ളിയില്ല എന്നതും ശ്രദ്ധേയമായി. ഇതിനിടെ സി പി എമ്മിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച തിരുവനന്തപുരം നേമത്തെ ഡി വൈ എഫ് ഐ നേതാവിനെ പാർട്ടിയിൽ നിന്നടക്കം സസ്പെൻഡ് ചെയ്തു എന്നതാണ്. സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തത്. കുർബാന തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പാതിരാ കുർബാന വേണ്ടെന്ന് വച്ചതാണ് മറ്റൊരു വാർത്ത. കൊവിഡ് ആശങ്കയിൽ തത്കാലം വിമാന സർവീസുകൾക്ക് നിയന്ത്രണമില്ലെങ്കിലും ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ ടി പി സി ആർ നിർബന്ധമാക്കിയിട്ടുണ്ട്. മുൻ നായകൻ ഷാഹിദ് അഫ്രീദിയെ പാകിസ്ഥാന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ഇടക്കാല ചെയര്‍മാനായി തെരഞ്ഞെടുത്തു എന്നതാണ് കായികലോകത്ത് നിന്നുള്ള പ്രധാന വാർത്ത. ധാക്ക ടെസ്റ്റിൽ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായത് ബംഗ്ലാദേശിന് പ്രതീക്ഷ നൽകുന്നു എന്നതാണ് മറ്റൊരു വാർത്ത. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട് 10 വാർത്തകൾ ഒറ്റനോട്ടത്തിൽ ചുവടെ അറിയാം.
1 കണ്ണൂരിലെ ആയുർവേദ റിസോർട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ
ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണമാണ് ഇന്ന് ഞെട്ടിച്ച വാർത്ത. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല.
2 ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം; ഉൾപ്പാർട്ടി ചർച്ച പുറത്ത് പറയില്ലെന്ന് പി ജയരാജൻ
ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങളെ കണ്ടപ്പോൾ പി ജയരാജൻ തള്ളിക്കളഞ്ഞില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വാർത്ത. ഇപി കേന്ദ്രകമ്മിറ്റിയംഗമാണ്, പാർട്ടിയുടെ ഭാഗമായി നിന്നതിന് ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണ് എന്ന് പി ജയരാജൻ പറഞ്ഞു. ഇപി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇപി ജയരാജൻ റിസോർട് നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടിൽ മതപരമായ വർഗീയത ശക്തിപ്പെടുന്നു, ലഹരി ഉപയോഗം വർധിപ്പിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധത്തിനും തീരുമാനം എടുത്തിരുന്നുവെന്നും പി ജയരാജൻ പറഞ്ഞു.
3 മൊറാഴയിലെ റിസോർട്ട് രമേഷ് കുമാറിന്റേത്, താനുമായി ബന്ധമില്ല; പാർട്ടിക്ക് വിശദീകരണവുമായി ഇപി ജയരാജൻ
മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇപി ജയരാജൻ വിശദീകരണം നൽകിയെന്നതാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത. തലശ്ശേരിയിലുള്ള കെ പി രമേഷ് കുമാറിന്റെതാണ് റിസോർട്ടെന്ന് ഇപി ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇപി ജയരാജൻ തയ്യാറായില്ല. സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇ പി പാർട്ടിക്ക് വിശദീകരണം നൽകിയത് എന്നാണ് വിവരം.
തിരുവനന്തപുരത്ത് എസ് എഫ് ഐയിലും സംഘടനാ നടപടി. എസ് എഫ് ഐ ജില്ലാ ഭാരവാഹികളെ സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥനെയും പ്രസിഡണ്ട് ജോബിൻ ജോസിനെയുമാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. മദ്യപിച്ച് സംസ്കൃത കോളജ് പരിസരത്ത് നൃത്തം ചെയ്തതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി എടുത്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഗോകുലിനെ ഡി വൈ എഫ് ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിച്ചുണ്ട്. ജില്ലാ പ്രസിഡന്‍റ് ജോബിൻ ജോസിനോട് വിശദീകരണം തേടാൻ വ്യാഴാഴ്ച ചേർന്ന ഡി വൈ എഫ് ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്.
5 സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചു; അഭിജിത്തിന് സസ്പെന്‍ഷന്‍
വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച നേമത്തെ ഡിവൈഎഫ്ഐ നേതാവിന് സസ്പെന്‍ഷന്‍. സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. അതേസമയം, എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു. എസ്എഫ്ഐയിൽ അംഗത്വമെടുക്കുമ്പോൾ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാർ ഒള്ളൂ. ഞാൻ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂർ നാഗപ്പന്‍ ചോദിച്ചു.
6 കുർബാന തർക്കം: സംഘർഷത്തിന് പിന്നാലെ ബസിലിക്ക പള്ളിയിൽ പാതിരാ കുർബാന വേണ്ടെന്ന് തീരുമാനം
കുർബാന തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ പാതിരാ കുർബാന ഇല്ല. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന അടക്കം തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മില്‍ ധാരണയായി. സംഘർഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയിൽ തിരുകർമ്മങ്ങൾ നടത്തിയാൽ മതിയെന്ന നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി പൂതവേലിൽ, വിമതവിഭാഗം വൈദിക സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാൻ അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.
7 മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണു, രണ്ടു പേർ മരിച്ചു
മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്ന അഖിൽ എന്നയാൾ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ മരിച്ച രണ്ടുപേരും. സംഘം നക്ഷത്ര തടാകം കാണുന്നതിന് എത്തിയതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോൾ സഹയാത്രക്കാരനായ അഖിലിന് ഫോൺ ചെയ്യാനായി വാഹനം നിർത്തിയിരുന്നു. ഫോൺ കട്ട് ചെയ്ത് അഖിൽ കയറുന്നതിന് തൊട്ട് മുൻപ് മുന്നോട്ട് എടുക്കാൻ ശ്രമിച്ച വാഹനം നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃകസാക്ഷികൾ പറയുന്നത്. ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങിയെങ്കിലും കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും ശ്വാസം മുട്ടി മരിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനും തീരുമാനമായി.
9 ഷാഹിദ് അഫ്രീദി പാകിസ്ഥാന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ഇടക്കാല ചെയര്‍മാന്‍
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ സെലക്ഷന്‍ കമ്മിറ്റിയുടെ ഇടക്കാല ചെയര്‍മാനായി ഷാഹിദ് അഫ്രീദിയെ തിരഞ്ഞെടുത്തു. മുന്‍ താരങ്ങളായ അഹബ്ദുള്‍ റസാഖ്, റാവു ഇഫ്തികര്‍ അഞ്ജും എന്നിവരാണ് മറ്റംഗങ്ങള്‍. ഹാറൂണ്‍ റാഷിദ് കണ്‍വീനറാവും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മാത്രമാണ് ഇവരെ നിയമിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളുമാണ് പാകിസ്ഥാന്‍ കളിക്കുക. കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരം റമീസ് രാജയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നജം സേഥിയുടെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അടുത്ത നാല് മാസത്തേക്കാണ് നിയമനം. റമീസ് രാജയെ പുറത്താക്കിയുള്ള വിജ്ഞാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുറപ്പെടുവിച്ചത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് റമീസിനെ നീക്കിയത്. 2021 സെപ്റ്റംബറിലാണ് റമീസ് സ്ഥാനമേറ്റെടുത്തിരുന്നത്.
ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. സ്‌കോര്‍ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. അക്‌സര്‍ പട്ടേല്‍ (26), ജയ്‌ദേവ് ഉനദ്ഖട് (3) എന്നിവരാണ് ക്രീസില്‍. മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ദിനം ശേഷിക്കെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് 100 റണ്‍സ് കൂടി വേണം. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 231ന് എല്ലാവരും പുറത്തായിരുന്നു. 73 റണ്‍സ് നേടിയ ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സാകിര്‍ ഹസന്‍ 51 റണ്‍സെടുത്ത് പുറത്തായി. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 227നെതിരെ ഇന്ത്യ 314ന് പുറത്തായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam