Asianet News MalayalamAsianet News Malayalam

സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ചു; അഭിജിത്തിന് സസ്പെന്‍ഷന്‍, ആരോപണം തള്ളി ആനാവൂർ

എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു.

cpm suspended abhijit who were drinking in bar during dyfi anti drug campaign
Author
First Published Dec 24, 2022, 2:44 PM IST

തിരുവനന്തപുരം: വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച നേമത്തെ ഡിവൈഎഫ്ഐ നേതാവിന് സസ്പെന്‍ഷന്‍. സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തു. അഭിജിത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. അതേസമയം, എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചെന്ന ആരോപണം നാഗപ്പന്‍ ആനാവൂർ തള്ളി. ശബ്ദരേഖയെപ്പറ്റി അയാളോട് തന്നെ ചോദിക്കണമെന്നും ആനാവൂർ പ്രതികരിച്ചു. എസ്എഫ്ഐയിൽ അംഗത്വമെടുക്കുമ്പോൾ പ്രായത്തെപ്പറ്റി ആരെങ്കിലും ആക്ഷേപമുന്നയിച്ചാലെ പരിശോധിക്കാർ ഒള്ളൂ. ഞാൻ പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് എന്ത് ചെയ്യാനാകുമെന്നും ആനാവൂർ നാഗപ്പന്‍ ചോദിച്ചു. 

ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ ജെ അഭിജിത്തിനെതിരെ നടപടി കടുപ്പിക്കുകയാണ് സിപിഎം. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിലാണ് നടപടി. പരാതിക്കാരിയുടെ ഭർത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി പരിശോധിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി കൊണ്ടുള്ള ശബ്ദരേഖ പുറത്ത് വന്നത്. എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ  ഉപദേശിച്ചത് ആനാവൂരാണെന്ന് അച്ചടക്ക നടപടി നേരിട്ട മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ ശബദരേഖയാണ് പുറത്ത് വന്നത്. 

തിരുവനന്തപുരത്ത് സിപിഎമ്മിന്റേയും വര്‍ഗ ബഹുജന സംഘടനകളുടേയും  വഴിവിട്ട പ്രവര്‍ത്തനങ്ങളിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനമാണ് ഉയ‍ർന്നത്. അതിന്  പിന്നാലെയാണ് ജില്ലാ സെക്രട്ടറിയെ കുടുക്കിയുള്ള ശബ്ദരേഖ പുറത്ത് വരുന്നത് . ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏര്യാ കമ്മിറ്റി അംഗവുമായിരുന്നു ജെജെ അഭിജിത്ത്. ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന്  അഭിജിത്തിനെ ഡിവൈഎഫ്ഐ പുറത്താക്കിയിരുന്നു.   സഹപ്രവര്‍ത്തകയോട് മോശമായി ഇടപെട്ടതിന് അഭിജിത്തിനെ കഴിഞ്ഞ ദിവസം നേമം ഏരിയാകമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിിരുന്നു. ശബ്ദരേഖ കൂടി പുറത്തുവന്നതോടെയാണ് അഭിജിത്തിനെ സസ്പെൻ‍ഡ് ചെയ്തത്.

Also Read: 'എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചു'; ആനാവൂരിനെ വെട്ടിലാക്കി ജെജെ അഭിജിത്തിന്റെ വെളിപ്പെടുത്തൽ

അഭിജിത്തിനെതിരെ നടപടി വരുമ്പോഴും ആനാവൂർ കടുത്ത സമ്മർദ്ദത്തിലാണ്. ദത്ത് വിവാദത്തിനും കത്ത് വിവാദത്തിനും പിന്നാലെയാണ് ജില്ലാ സെക്രട്ടറി പുതിയ ആരോപണത്തിൽ ഉൾപ്പെടുന്നത്. അഭിജിത്തിനെതിരെ നേരത്തെ തന്നെ പരാതികൾ വന്നസമയത്തെല്ലാം രക്ഷകനായത് ആനാവൂരാനാണെന്നാണ് പാർട്ടിയിലെ എതിർ ചേരിയുടെ പരാതി. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടും ആനാവൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ ജില്ലയിലെ പാർട്ടിയിൽ വലിയ അമർഷമാണുള്ളത്. ശബ്ഗരേഖ പുറത്തുവന്നതിന് പിന്നാലെ ഉൾപ്പാർട്ടി പോരും കാരണമാണെന്ന സൂചനകളുമുണ്ട്. 

Follow Us:
Download App:
  • android
  • ios