Asianet News MalayalamAsianet News Malayalam

മദ്യപിച്ച് കോളജ് പരിസരത്ത് നൃത്തം; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാസെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കി

എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഗോകുലിനെ ഡി വൈ എഫ് ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിച്ചുണ്ട്

sfi take action against tvm district secretary and president
Author
First Published Dec 24, 2022, 5:48 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ് എഫ് ഐയിലും സംഘടനാ നടപടി. എസ് എഫ് ഐ ജില്ലാ ഭാരവാഹികളെ സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥനെയും പ്രസിഡണ്ട് ജോബിൻ ജോസിനെയുമാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. മദ്യപിച്ച് സംസ്കൃത കോളജ് പരിസരത്ത് നൃത്തം ചെയ്തതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി എടുത്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഗോകുലിനെ ഡി വൈ എഫ് ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിച്ചുണ്ട്. ജില്ലാ പ്രസിഡന്‍റ് ജോബിൻ ജോസിനോട് വിശദീകരണം തേടാൻ വ്യാഴാഴ്ച ചേർന്ന ഡി വൈ എഫ് ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. 

സി പി എമ്മിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വനിതാ പ്രവര്‍ത്തക ആരോപണം ഉന്നയിച്ച തിരുവനന്തപുരം നേമത്തെ ഡി വൈ എഫ് ഐ നേതാവിനെ പാർട്ടിയിൽ നിന്നടക്കം സസ്പെൻഡ് ചെയ്തു എന്നതാണ്. സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അഭിജിത്തിനെ സസ്പെന്‍ഡ് ചെയ്തത്.

 

അതേസമയം ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കുന്നതായിരുന്നു ഇപ്പോൾ അച്ചടക്ക നടപടിക്ക് വിധേയനായ എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റെ ശബ്ദരേഖ. എസ് എഫ് ഐ നേതാവാകാൻ പ്രായം കുറച്ച് പറഞ്ഞെന്നും അതിന് ഉപദേശിച്ചത് സി പി എം ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പനാണെന്നുമാണ് അഭിജിത്ത് ഫോൺ സംഭാഷണത്തിൽ പറഞ്ഞത്. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിൽ സി പി എം നടപടി എടുത്ത നേതാവാണ് ജെ ജെ അഭിജിത്ത്. എന്നാൽ ആരോപണങ്ങൾ തള്ളികളയുകായിരുന്നു സി പി എം ജില്ലാ സെക്രട്ടറി. പ്രായം കുറച്ചു കാണിക്കാൻ ആരെയും ഉപദേശിച്ചിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിനൊക്കെ താൻ എന്തിനാണ് മറുപടി പറയേണ്ടതെന്നും സി പി എം ജില്ലാ സെക്രട്ടറി ചോദിക്കുകയും ചെയ്തു.

'എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചു'; ആനാവൂരിനെ വെട്ടിലാക്കി ജെജെ അഭിജിത്തിന്റെ വെളിപ്പെടുത്തൽ

Follow Us:
Download App:
  • android
  • ios