
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുയർത്തിയ താരിഫ് വെല്ലുവിളിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും തമ്മിൽ നടക്കുന്ന സുപ്രധാനമായ കൂടിക്കാഴ്ചയാണ് ഇന്നത്തെ പ്രധാന വാർത്ത. ഈ കൂടിക്കാഴ്ച കഴിഞ്ഞാൽ ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ സമാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിക്കും. അതേസമയം വോട്ട് ചോരി ആരോപണവുമായി ബിഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനമാകും. കേരളത്തിലേക്ക് വന്നാൽ അയ്യപ്പ സംഗമത്തിനെതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുസ്ലിം ലീഗ് നിർമിക്കുന്ന വീടുകളുടെ നിർമ്മാണ ഉദ്ഘാടനവും നാളെ നടക്കും.
മോദി-പുടിൻ കൂടിക്കാഴ്‌ച
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിൻജിയാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ഇന്ത്യൻ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നില്ക്കാനാണ് സാധ്യത. റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. വെടിനിറുത്തലിനെക്കുറിച്ച് താൻ പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്കിയതായി യുക്രെയിൻ പ്രസിഡൻറ് സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഡോണൾഡ് ട്രംപ് ചുമത്തിയ പിഴ തീരുവയും ചർച്ചയാകും. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ മോദി ഇന്ന് സംസാരിക്കും. അതിർത്തി കടന്നുള്ള ഭീകരവാദം, വ്യാപാര രംഗത്ത് അധിക തീരുവ വഴിയുള്ള സമ്മർദ്ദം എന്നിവ മോദി പരാമർശിച്ചേക്കും. ഇന്നലെ പ്രസിഡൻറ് ഷി ജിൻപിങ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ കായ് ചി, വിയറ്റ്മിൻറെയും നേപ്പാളിൻറെയും പ്രധാനമന്ത്രിമാർ, മ്യാൻമാർ സീനിയർ ജനറൽ എന്നിവരെ മോദി കണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും.
വോട്ടർ അധികാർ യാത്രയ്ക്ക് സമാപനം
ബിഹാറിലെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം. രാവിലെ 11 മണിക്ക് പറ്റ്നയിലെ ഗാന്ധി മൈതാനത്ത് സമാപന ചടങ്ങുകൾ തുടങ്ങും. ഇന്ത്യ സഖ്യം നേതാക്കൾക്ക് ഒപ്പം ഗാന്ധി മൈതാനത്ത് നിന്നും രാഹുൽ ഗാന്ധി അംബേദ്കർ പാർക്കിലേക്ക് പദയാത്ര നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മുക്കാലിന് അംബേദ്കർ പ്രതിമയിൽ എല്ലാവരും പുഷ്പാർച്ചന നടത്തിയ ശേഷം പൊതു സമ്മേളനം തുടങ്ങും. പ്രതിപക്ഷത്തിൻ്റെ ശക്തിപ്രകടനമാക്കി ചടങ്ങ് മാറ്റാൻ ആണ് ശ്രമം. ബിഹാറിലെത് തുടക്കം മാത്രം ആണെന്നും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വോട്ട് കവർച്ചയ്ക്ക് എതിരായ മാർച്ചുകൾ സംഘടിപ്പിക്കും എന്നുമാണ് രാഹുലിൻ്റെ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പാറ്റ്നയിലെത്തിയിട്ടുണ്ട്.
ലീഗ് വാക്കുപാലിക്കുന്നു, ദുരിതബാധിതർക്കായി വീടൊരുങ്ങുന്നു
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും.മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ രണ്ട് ഇടങ്ങളിൽ ആയാണ് നിർമ്മാണം നടക്കുക.പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നിർമ്മാണോദ്ഘാടനം നിർവഹിക്കും. ലീഗിന്റേത് പ്ലാന്റേഷൻ ഭൂമിയാണെന്നാണ് ലാൻഡ് ബോർഡ് സോണൽ ഓഫീസിൻ്റെ കണ്ടെത്തൽ.ഭൂമി തരം മാറ്റിയ സാഹചര്യത്തിൽ കേസെടുക്കാൻ അനുമതി തേടി സോണൽ ഓഫീസ് സംസ്ഥാന അധികൃതരെ സമീപിച്ചിരുന്നു.ഇക്കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല.ഇതിനിടെയാണ് പ്രഖ്യാപിച്ച 105 വീടുകളുടെ നിർമ്മാണത്തിലേക്ക് ലീഗ് കടക്കുന്നത്.ആദ്യഘട്ടത്തിൽ സർക്കാറിന്റെ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ വീടുകൾ ആകും നിർമ്മിക്കുകയെന്നാണ് സൂചന.
അയ്യപ്പ സംഗമ വിവാദം
സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം.നന്ദകുമാര്‍,വി.സി.അജികുമാര്‍ എന്നീ വ്യക്തികളാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്‍റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യൻ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.