അടൂരിന്‍റെ രാജി, 'ചിന്തയുടെ നോട്ടപ്പിശക്', കരകയറിയ അദാനി, കല്യാണ വീട്ടിലെ തല്ലുമാല- 10 വാര്‍ത്തകള്‍

By Web TeamFirst Published Jan 31, 2023, 7:01 PM IST
Highlights

ശിവശങ്കറിന്‍റെ പടിയിറക്കം, ആന്ധ്രക്ക് പുതിയ തലസ്ഥാനം,  കേരളത്തിലെ മഴ സാഹചര്യം, കോഴിക്കോട്ട് കല്യാണ വീട്ടിൽ 'തല്ലുമാല'യടക്കം 10 പ്രധാന വാര്‍ത്തകളറിയാം.

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്നും സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചതാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്തിക്കും തുടർന്നുള്ള രാജിയിലും കലാശിച്ചത്. കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരെ  വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അടൂരിന്‍റെ രാജി.  തിരിച്ചടികളിൽ നിന്ന് അദാനി കരകയറിതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാര്‍ത്ത. അദാനി എന്റെർപ്രൈസസ് എഫ് പി ഒ ലക്ഷ്യം കണ്ടതോടെ മുഴുവൻ ഓഹരികളും വിറ്റുപോയി.  

ഗവേഷണ പ്രബന്ധ വിവാദത്തിൽ  യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ വിശദീകരണമാണ്  മറ്റൊരു  വാര്‍ത്ത. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിഴവാണെന്നും ഒരു വരിപോലും  കോപ്പിയടിച്ചിട്ടില്ലെന്നുമാണ് ചിന്തയുടെ വാദം. ആന്ധ്രക്ക് പുതിയ തലസ്ഥാനം,  കേരളത്തിലെ മഴ സാഹചര്യം, കോഴിക്കോട്ട് കല്യാണ വീട്ടിൽ 'തല്ലുമാല'യടക്കം 10 പ്രധാന വാര്‍ത്തകളറിയാം.

1. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം : അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ സ്ഥാനം രാജിവച്ചു 

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചു. ''ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചുവെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നും അടൂർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

2. തിരിച്ചടികളിൽ നിന്ന് കരകയറി അദാനി; എഫ്‌പിഒ ലക്ഷ്യം കണ്ടു

അദാനി എന്റെർപ്രൈസസ് എഫ് പി ഒ ലക്ഷ്യം കണ്ടു. മുഴുവൻ ഓഹരികളും വിറ്റുപോയി. 20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് സമാഹരിച്ചത്. അതിനിടെ ഓഹരി വിപണിയിൽ ഹിന്റൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നുണ്ടായ തിരിച്ചടികളിൽ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ തിരിച്ച് കയറുന്നതിന്റെ സൂചനകളും ഇന്ന് പുറത്ത് വന്നു.
    
3. 'സംഭവിച്ചത് നോട്ടപ്പിശക്, ചെറിയൊരു പിഴവിനെ പർവതീകരിച്ചു, ഒരു വരിപോലും കോപ്പിയില്ല': ചിന്താ ജെറോം 

ഗവേഷണ പ്രബന്ധ വിവാദത്തിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിഴവാണെന്നും ഒരു വരിപോലും  കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. 'സാന്ദർഭിക പിഴവാണുണ്ടായത്. മനുഷ്യ സഹജമായ തെറ്റ്. പക്ഷേ ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അതിന്റെ പേരിൽ സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായെന്ന് ചിന്ത കുറ്റപ്പെടുത്തുന്നു.

4. അമരാവതിയല്ല, ആന്ധ്രക്ക് പുതിയ തലസ്ഥാനം! പ്രഖ്യാപിച്ച് ജഗൻ മോഹൻ റെഡ്ഡി 

ആന്ധ്ര സംസ്ഥാനത്തിന് പുതിയ തലസ്ഥാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ആന്ധ്രയുടെ തലസ്ഥാനം അമരാവതിക്ക് പകരം വിശാഖപട്ടണമായിരിക്കുമെന്നാണ്  ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം അമരാവതിയിൽ നിന്ന് വിശാഖ പട്ടണത്തേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. വരും മാസങ്ങളിൽ അവിടേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു.

5. 'രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെ'; വിമർശനവുമായി ശശി തരൂർ

നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നാണ് ശശി തരൂരിന്റെ വിമർശനം. സർക്കാർ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി ചെയ്തത്. തിരിച്ചടി നേരിട്ട രംഗങ്ങൾ ഒഴിവാക്കിയെന്നും തരൂർ വിമർശിച്ചു. ബിജെപി അടുത്ത തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത രാഷ്ട്രപതിയെ ഉപയോഗിക്കുന്നെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

6. ബംഗാൾ ഉൾകടലിൽ  തീവ്ര ന്യൂനമർദ്ദം, കേരളത്തിലെ മഴ സാഹചര്യം മാറി; 5 ദിവസം മഴ സാധ്യത

തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദം രൂപപ്പെട്ടതോടെ കേരളിലെ മഴ സാഹചര്യവും മാറി. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യുന മർദ്ദം ഇന്ന് ( ജനുവരി 31) വൈകുന്നേരം വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച ശേഷം നാളെ (ഫെബ്രുവരി 1)  ശ്രീലങ്ക തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.  

7. ഇന്ത്യ ഒന്നാമതായി തുടരും, കൊവിഡിനെ മറികടന്നു, പലിശനിരക്ക് ഇനിയും ഉയരുമെന്നും സാമ്പത്തിക സർവേ റിപ്പോർട്ട്

അടുത്ത സാമ്പത്തിക വർഷത്തിൽ (2023 -24) രാജ്യം 6 മുതൽ 6.8 ശതമാനം വരെ വളർച്ച ഇന്ത്യനേടുമെന്ന് സാമ്പത്തിക സർവെ റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ റിപ്പോർട്ട് സഭയിൽ വെച്ചു. സാമ്പത്തിക വളർച്ചാ നിരക്ക് അടുത്ത സാമ്പത്തിക വർഷത്തിൽ കുറയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. നടപ്പ് സാമ്പത്തിക വർഷം രാജ്യം 7 ശതമാനം വളർച്ച നേടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

8. ബജറ്റ് ജനകീയമാകും, രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെക്കുറിച്ച് നല്ല വാക്കുകൾ കേൾക്കുന്നു-പ്രധാനമന്ത്രി

ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ജനകീയ ബജറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യം ഇന്ത്യ, ആദ്യം പൗരന്മാർ എന്നതാണ് ഈ സർക്കാരിൻറെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്. ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് നല്ല വാക്കുകൾ ആണ് കേൾക്കുന്നതെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്നത് പുതിയ ഉന്മേഷത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

9. വരന്റെ കൂടെയെത്തിയവർ പടക്കം പൊട്ടിച്ചു, കോഴിക്കോട്ട് കല്യാണ വീട്ടിൽ 'തല്ലുമാല'   

 വടകര മേപ്പയൂരിൽ കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കല്യാണവീട്ടിൽ 'തല്ലുമാലയുണ്ടായത്'. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിന്‍റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിയതോടെ വിവാഹവീട് വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയായി. 

10.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്‍റെ പടിയിറക്കം. പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകൾ കൈമാറി. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തിൽ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തിയത്.

click me!