Asianet News MalayalamAsianet News Malayalam

'സംഭവിച്ചത് നോട്ടപ്പിശക്, ചെറിയൊരു പിഴവിനെ പർവതീകരിച്ചു, ഒരു വരിപോലും കോപ്പിയില്ല': ചിന്താ ജെറോം 

ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിച്ചു. സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി

chintha jerome explanation on thesis controversy 
Author
First Published Jan 31, 2023, 1:17 PM IST

തിരുവനന്തപുരം : ഗവേഷണ പ്രബന്ധ വിവാദത്തിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിഴവാണെന്നും ഒരു വരിപോലും  കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. 

'സാന്ദർഭിക പിഴവാണുണ്ടായത്. മനുഷ്യ സഹജമായ തെറ്റ്. പക്ഷേ ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അതിന്റെ പേരിൽ സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി. വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും ചിന്താ ജെറോം വിശദീകരിച്ചു. വിമർശനം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്പോൾ തിരുത്തുമെന്നും ചിന്ത കൂട്ടിച്ചേർത്തു. പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന  നിലയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് പ്രബന്ധത്തിൽ നന്ദി ഉൾപ്പെടുത്തിയതെന്നും ചിന്ത വിശദീകരിച്ചു. 

'തെറ്റ് പറ്റാത്തവരായി ആരുമില്ല'; ചിന്ത ജെറോമിനെ പിന്തുണച്ച് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ

 

അതേ സമയം, ചിന്ത ജെറോമിന്റെ ഗവേഷണ പ്രബദ്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല വിദഗ്ധ സമിതിയെ വെക്കാൻ തീരുമാനമാനിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെ കോപ്പിയടിവിവാദവുമുയർന്നു. ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം. 

ചിന്ത ജെറോമിനെതിരെ കോപ്പിയടി ആരോപണം: ഗവേഷണ പ്രബന്ധത്തിൽ ഓൺലൈൻ ലേഖനത്തിലെ ഭാഗങ്ങൾ

ഗുരുതരമായ തെറ്റുകള്‍ക്ക് പുറമെ കോപ്പിയടി നടന്നുവെന്ന പരാതി കൂടി ഉയര്‍ന്നതോടെയാണ് കേരള സര്‍വകലാശാല സമ്മര്‍ദത്തിലായത്. ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. കേരള സര്‍വകലാശാലയുടെ ചുമതല വഹിക്കുന്ന ആരോഗ്യസര്‍വകലാശാല വി.സി മോഹനന്‍ കുന്നുമ്മല്‍ ഇക്കാര്യത്തില്‍ വൈകാതെ നിര്‍ദേശം നല്‍കും. ഭാഷാ, സാഹിത്യ വിദഗ്ധര്‍ അടങ്ങുന്ന സമിതിയാകും രൂപീകരിക്കുക. കുഴപ്പം കണ്ടെത്തിയാല്‍ പിച്ച്ഡി റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് സെനറ്റിനോട് ശുപാര്‍ശ ചെയ്യാം.

സര്‍വകലാശാല സെനറ്റ് എടുക്കുന്ന തീരുമാനം ചാന്‍സലറായ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ പിഎച്ച്ഡി റദ്ദാവും. പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. അന്വേഷിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെടാം. അതേസമയം ചിന്ത ജെറോമിന്‍റെ ഗൈഡ് ആയിരുന്ന സര്‍വകലാശാല പ്രോവിസി പിപി അജയകുമാറിന്‍റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണമെന്നും നിലവിലെ പദവികളില്‍ നിന്ന് നീക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോളജ് അധ്യാപകര്‍ക്ക് ഹ്രസ്വകാല പരിശീലനം നല്‍കുന്ന സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്‍റ് സെന്‍റര്‍ ഡയറക്ടറാണ് നിലവില്‍ അജയകുമാര്‍. 

Follow Us:
Download App:
  • android
  • ios