
1. മുഖ്യമന്ത്രി പിണറായിക്കെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയറാക്കിയ പെൺകുട്ടിയുടെ അമ്മ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. തങ്ങൾ നീതി ലഭിക്കാൻ എവിടെ പോകും? ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അന്വേഷണം പൂർത്തിയാകൂ എന്നാണ് പറഞ്ഞത്. അതിനിടയിലാണ് പ്രതിയാണെന്നു പറയുന്ന ആളെ നിരപരാധി ആണെന്ന് മുഖ്യമന്ത്രി പറയുന്നത്, ലഹരി മാഫിയക്ക് പിന്നിൽ വൻ കണ്ണികളാണ് ഉള്ളത്. അന്വേഷണം പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ശരിയായില്ല- അവർ പറഞ്ഞു.
2. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി. എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്. അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് മുപ്പതോളം വരുന്ന പ്രവർത്തകർ രാത്രിയോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
3. ബ്രഹ്മപുരത്തെ തീപിടുത്തം മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന് സതീശന്‍; ഇന്നത്തോടെ തീ അണയ്ക്കുമെന്ന് മന്ത്രി
ബ്രഹ്മപുരത്തേത് മനഃപൂര്‍വ്വം ഉണ്ടാക്കിയ തീപിടുത്തമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും നിയമസഭയിൽ സതീശൻ ആവശ്യപ്പെട്ടു. ഇന്നത്തോടെ തീ പൂർണമായും അണയ്ക്കുമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ് സബ്മിഷന് മറുപടിയായി വിശദീകരിച്ചു. ഒരു പ്രദേശം മുതൽ ഗുരുതര ആരോഗ്യ പ്രശ്ന ഭീതിയിലാണെന്നും പുക പ്രതിരോധിക്കാനോ തീ കെടുത്താനോ ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ കുറ്റപ്പെടുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസിനെതിരായ നീക്കം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പരാതി പരസ്പരവിരുദ്ധമാണ്. അവസരം വീണ് കിട്ടുമ്പോൾ അത് പകവീട്ടാൻ ഉപയോഗിക്കുന്നത് ശരിയല്ല. എന്തും ചെയ്യാൻ എസ്എഫ്ഐക്ക് നേതാക്കൾ ലൈസൻസ് കൊടുത്തുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. അടിയന്തര നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് ചെയ്തതിന് പിന്നാലെ മീഡിയ റൂമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തിഹാര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്. മാധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്നും സിബിഐ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് റെയ്ഡിനെയും എസ്എഫ്ഐ അതിക്രമത്തേതും അപലപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (എൻബിഡിഎ). നടപടി ഭരണഘടനാപരമായ മാധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളിയാണ്. ന്യായീകരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും എൻബിഡിഎ ആവശ്യപ്പെട്ടു.
7. 'നിങ്ങളെ പുകഴ്ത്തിയാൽ മാധ്യമ അവാര്‍ഡ്, ഇല്ലെങ്കിൽ കേസും അറസ്റ്റും'; സര്‍ക്കാരിനെതിരെ പികെ ബഷീര്‍
മണി പവറും പൊളിറ്റിക്കൽ പവറുമുള്ള സിപിഎം മീഡിയകളെ കൂടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുസ്ലീം ലീഗ് എംഎൽഎ പികെ ബഷീർ. നിയമസഭയിൽ വാൽക്ക് ഔട്ട് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പി.കെ ബഷീർ ഇങ്ങനെ പറഞ്ഞത്. സാങ്കേതികത്വം പറഞ്ഞ് മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങളെ പുകഴ്ത്തിയാൽ അവാർഡും നിങ്ങൾക്കെതിരെ തിരിഞ്ഞാൽ കേസും അറസ്റ്റും എന്നതാണ് അവസ്ഥയെന്നും പികെ ബഷീർ പരിഹസിച്ചു.
മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച വിഷയത്തിൽ മറുപടിയുമായി സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശകരിച്ചതല്ല, പ്രസംഗത്തിനിടെ മൈക്കിനോട് ചേർന്ന് നിൽക്കാൻ പറഞ്ഞപ്പോൾ, അതെനിക്കറിയാമെന്ന് പറഞ്ഞതാണ്. മൈക്ക് ഉപയോഗിക്കുന്നതിന്‍റെ സാങ്കേതിക വശത്തെക്കുറിച്ച് പറഞ്ഞു മനസിലാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മൈക്ക് ശരിയാക്കാൻ വന്ന യുവാവിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശകാരിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.
അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി. പൊലീസ് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ ആണ് മുഖ്യമന്ത്രി നിരപരാധിയായി നിയമസഭയിൽ അവതരിപ്പിച്ചത്. തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന് എട്ടാം ക്ലാസുകാരി വെളിപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. നിലവിൽ കേസ് കോഴിക്കോട് റൂറൽ പൊലീസും മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘവും അന്വേഷിച്ചു വരികയാണ്. അന്വേഷണം പൂർത്തിയാകും മുമ്പെയാണ് പ്രതിയെ വെള്ളപൂശിയുള്ള മുഖ്യമന്ത്രിയുടെ പരാമർശം.
10. കോഴിക്കോട്ടെ ഡോക്ടര്‍മാരുടെ പണിമുടക്കിൽ വലഞ്ഞ് രോഗികൾ: പ്രവര്‍ത്തിച്ചത് അത്യാഹിത വിഭാഗം മാത്രം
ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ വലച്ചു. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ രോഗികൾ മടങ്ങി. അതേ സമയം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയത്.