ടിപി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തൻ അന്തരിച്ചു

By Web TeamFirst Published Jun 11, 2020, 9:48 PM IST
Highlights

ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. അനാരോഗ്യം മൂലം മൂന്ന് മാസത്തേക്ക് ഇദ്ദേഹത്തിന്റെ ശിക്ഷ മരവിപ്പിച്ചിരുന്നു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായി.

കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യമെടുത്തായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. പിണറായി വിജയനും ഇ പി ജയരാജനും കോടിയേരിയും കഴിഞ്ഞയാഴ്ച ആശുപത്രിയിലെത്തി കണ്ടിരുന്നു. നാളെ രാവിലെ എട്ട് മണി മുതൽ ഒൻപത് മണി വരെ പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 9.30 മുതൽ 11 മണി വരെ പാറാടും പൊതുദർശനം നിശ്ചയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്‌കാരം.

ടിപി കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തൻ. 2014 ജനുവരി24 നാണ് ഗൂഢാലോചന കേസിൽ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. അനാരോഗ്യം മൂലം മൂന്ന് മാസത്തേക്ക് ഇദ്ദേഹത്തിന്റെ ശിക്ഷ മരവിപ്പിച്ചിരുന്നു. കേരള ഹൈക്കോടതി മൂന്ന് മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പി കെ കുഞ്ഞനന്തന് ജാമ്യാപേക്ഷയുമായി  ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവുമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നുമായിരുന്നു കുഞ്ഞനന്തന് ഹര്‍ജിയിൽ പറഞ്ഞത്. ഇടത് സര്‍ക്കാര്‍ അധികാരത്തിൽ എത്തിയ ശേഷം ടിപി കേസിലെ പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ അനുവദിച്ച വാര്‍ത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിൽ ഏറ്റവും അധികം പരോൾ ദിവസങ്ങൾ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്. സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമാണ് കുഞ്ഞനന്തൻ. 257 ദിവസമാണ് സര്‍ക്കാര്‍ കുഞ്ഞനന്തന്  പരോള്‍ അനുവദിച്ചത്. സാധാരണ പരോള്‍ 135 ദിവസവും, വിവിധ ആവശ്യങ്ങള്‍ക്കായി അടിയന്തര പരോള്‍ 122 ദിവസവും കിട്ടിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.  

click me!