
വയനാട്: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വൻ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിന് ശേഷം മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിൽ കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു; മരങ്ങൾ കടപുഴകി, വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്
അതേസമയം, ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുകയാണ്. പടിഞ്ഞാറത്തറ മേഖലയിലാണ് കൂടുതൽ മഴ പെയ്യുന്നത്. പടിഞ്ഞാറത്തറ മുള്ളൻകണ്ടി പാലത്തിന് സമീപമുള്ള റോഡിന്റെ ഒരു വശം ഇടിഞ്ഞ് താഴ്ന്നു. പുഴയ്ക്ക് സമീപത്തെ റോഡാണ് ഇടിഞ്ഞത്. പൊലീസെത്തി ഇത് വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. കബനി നദി കരകവിഞ്ഞതിനെ തുടർന്ന് മാനന്തവാടി കരിന്തിരിക്കടവ് റോഡിൽ ചെറിയ തോതിൽ വെള്ളം കയറി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർക്ക് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്ടിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 183 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് 20 അംഗ ദുരന്ത നിവാരണ സേന ജില്ലയിൽ തുടരുന്നുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam