ആശുപത്രിയിൽ വൈദ്യുതി മുടങ്ങി: വെൻ്റിലേറ്ററിലായിരുന്ന രണ്ട് രോഗികൾക്ക് ദാരുണാന്ത്യം , സംഭവം കര്‍ണാടകയിൽ

By Web TeamFirst Published Sep 15, 2022, 10:37 PM IST
Highlights

ബെല്ലാരിയിൽ പ്രവ‍ര്‍ത്തിക്കുന്ന വിംസ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നവര്‍ക്കാണ് വൈദ്യുതി മുടങ്ങിയത് മൂലം ദാരുണാന്ത്യം സംഭവിച്ചത്.

ബെല്ലാരി: വൈദ്യുതി മുടങ്ങിയതിനെ തുട‍ര്‍ന്ന് കര്‍ണാടകയിലെ ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് രോഗികൾ മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്റ‍ര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന രണ്ട് രോഗികളാണ് വൈദ്യുതി മുടങ്ങി വെൻ്റിലേറ്റ‍ര്‍ പ്രവര്‍ത്തന രഹിതമായതോടെ മരണപ്പെട്ടത്. ഏതാണ്ട് നാല് മണിക്കൂറോളം  ഐസിയുവിലേക്കുള്ള വൈദ്യുതി മുടങ്ങി എന്നാണ് വിവരം. എന്നാല്‍ ആശുപത്രിയിൽ ജനറേറ്റര്‍ സൗകര്യം ഒരുക്കിയിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ കര്‍ണാടക ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.

ബെല്ലാരിയിൽ പ്രവ‍ര്‍ത്തിക്കുന്ന വിംസ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നവര്‍ക്കാണ് വൈദ്യുതി മുടങ്ങിയത് മൂലം ദാരുണാന്ത്യം സംഭവിച്ചത്. രാവിലെ ആറ് മണി മുതല്‍ പത്ത് വരെ നാല് മണിക്കൂറോളം ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ഗുരുതര രോഗികളുള്ള ഐസിയുവിലടക്കം വൈദ്യുതി നിലച്ചു. വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ ആശങ്കയോടെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണെന്നും ശരിയാക്കട്ടെ എന്നുമായിരുന്നു മറുപടി.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന പതിനെട്ടുകാരന്‍ മൗല ഹുസൈൻ, പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ചേതേമ്മ എന്നിവരാണ് വെൻ്റിലേറ്റ‍ര്‍ പ്രവര്‍ത്തന രഹിതമായതോടെ മരണപ്പെട്ടത്. എന്നാൽ ഇരുവരും അതീവഗരുതരാവസ്ഥയിലായിരുന്നുവെന്നും വൈദ്യുതി മുടങ്ങിയതല്ല മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിശദീകരണം. 

വെന്‍റിലേറ്ററിലേക്ക് പ്രത്യേകം ജനറേറ്റര്‍ സൗകര്യം നല്‍കിയിരുന്നുവെന്നും വിംഎസ് ആശുപത്രി അധികൃത‍ര്‍ അവകാശപ്പെടുന്നു. എന്നാല്‍ വൈദ്യുതി മുടങ്ങിയതോടെ നാല് മണിക്കൂറോളം ആശുപത്രി ഇരുട്ടിലായിരുന്നുവെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തിൽ ജില്ലാ മെഡിക്ക‍ര്‍ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോ‍ര്‍ട്ട് സമര്‍പ്പിക്കാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ സര്‍ക്കാരിനെതിരെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികൾ രംഗത്ത് എത്തി. 

click me!