വിമതനായി മത്സരിക്കാൻ രണ്ട് മണ്ഡലങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരും രണ്ടാമതായി പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരും. ഇവയിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് നീക്കം. സീറ്റ് തടഞ്ഞത് സതീശനെന്നാണ് എൽദോസ് ക്യാംപിന്റെ ആരോപണം.

കൊച്ചി: കോൺ​ഗ്രസിൽ വിമത നീക്കങ്ങൾ അവസാനിക്കുന്നില്ല. സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി. തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എൽദോസിന്റെ പ്രതികരണം. എൽദോസിന് മേൽ അനുയായികളുടെ സമ്മർദവുമുണ്ട്. അതേ സമയം അനുനയ ശ്രമത്തിനായി രമേശ് ചെന്നിത്തല രം​ഗത്തെത്തിയിട്ടുണ്ട്. സീറ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് എൽദോസ് രണ്ടാം തവണയും ദില്ലിയിലേക്ക് പോയത്. 

പക്ഷേ ദില്ലി ചർച്ചകളിൽ അനുകൂലമായ സമീപനം ഉണ്ടായില്ല. തുടർന്നാണ് വിമതനായി മത്സരിക്കാനുള്ള നീക്കം എൽദോസ് തുടങ്ങിയിരിക്കുന്നത്. വിമതനായി മത്സരിക്കാൻ രണ്ട് മണ്ഡലങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ഒന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരും രണ്ടാമതായി പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരും. ഇവയിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് നീക്കം. സീറ്റ് തടഞ്ഞത് സതീശനെന്നാണ് എൽദോസ് ക്യാംപിന്റെ ആരോപണം.

പെരുമ്പാവൂരിൽ സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെയാണ് ദില്ലിയിലേക്ക് പോകാൻ എൽദോസ് കുന്നപ്പിള്ളി തയ്യാറായത്. സ്ത്രീ പീഡനക്കേസ് സംബന്ധിച്ച് തന്‍റെ നിരപരാധിത്വം നേതാക്കളെ ഒരിക്കൽ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാൻ ആയിരുന്നു തീരുമാനം. സംസ്ഥാന നേതൃത്വം എൽദോസിന് അനുമതി നൽകിയിരുന്നു എങ്കിലും കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ എൽദോസ് നിലവിൽ ഇടം പിടിച്ചിട്ടില്ല. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താൻ കോൺഗ്രസുകാരനായി തുടരും എന്നും എൽദോസ് പറഞ്ഞു. സീറ്റില്ലെന്ന വിവരം പുറത്തുവന്നതോടെ പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എൽദോസ് കുന്നപ്പള്ളിയുടെ വീട്ടിൽ എത്തി യോഗം ചേര്‍ന്നിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News