
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. പൂഴികുന്ന് സ്വദേശി ലേഖയ്ക്കും 15 വയസ്സുകാരി മകള്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെ റോഡിലേക്ക് മറിച്ചിട്ട ആർച്ച്, അതുവഴി പോവുകയായിരുന്ന ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല.
ഒരു ക്ലബിന്‍റെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ചതാണ് ആർച്ച്. ഇത് പൊളിച്ച് മാറ്റുന്നതിനിടയൊണ് അപകടമുണ്ടായത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൽ വാഹനങ്ങള്‍ തടഞ്ഞ് സുരക്ഷാ മുൻകരുതല്‍ എടുക്കാതെയാണ് ആർച്ച് അഴിച്ച് മാറ്റിയത്. രണ്ടുപേർ കെട്ടഴിച്ച് ആർച്ച് റോഡിലേക്ക് മറിച്ചിടുകയായിരുന്നു. ഈ സമയത്ത് സ്കൂട്ടറിൽ അതുവഴി പോയ പൂഴികുന്ന് സ്വദേശി ലേഖയും 15 വയസ്സുകാരി മകളും നിലത്തേക്ക് വീഴുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ് റോഡിൽ വീണുകിടന്ന ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ പോലും ആരും തയ്യാറായില്ല. തുടര്‍ന്ന് ഭർത്താവ് ബിജുവെത്തിയ ശേഷമാണ് ലേഖയയെും മകളയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരാതി നൽകിയിട്ട് നെയ്യാറ്റിൻകര പൊലീസും അനങ്ങിയില്ലെന്ന് ബിജു പറയുന്നു.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ ലേഖക്ക് ശസ്ത്രക്രിയ നടത്തി. പ്രാഥമികോരോഗ്യ കേന്ദ്രത്തിലെ നഴ്‍സാണ് ലേഖ. മകള്‍ക്ക് ആന്തരികാവയങ്ങള്‍ക്ക് സാരമായി പരിക്കേറ്റു. ഗതാഗത തടസ്സമുണ്ടാക്കിയും ജനങ്ങള്‍ ജീവന് ഭീഷണിയായും ആർച്ചുകള്‍ സ്ഥാപിക്കാൻ പാടില്ലെന്ന് കോടതി വിധിയുണ്ട്. ഇത് കാറ്റിൽപ്പറത്തിയാണ് പലയിടിത്തും ആർച്ചുകള്‍ സ്ഥാപിക്കുന്നത്. ഗുരുതരമായ അലംഭാവം ക്ലബുകാരുടെയും ആർച്ച് സ്ഥാപിച്ചവരുടെയും ഭാഗത്തുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ല. അപകട വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് പൊലീസ് ഇറങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam