ലൈഫ് കമ്മീഷൻ: 3.80 കോടി ഖാലിദിന്, 68 ലക്ഷം സന്ദീപിന്, പ്രതിപക്ഷനേതാവിനൊരു ഐഫോണും: ഹര്‍ജിയുമായി സന്തോഷ് ഈപ്പൻ

By Web TeamFirst Published Oct 1, 2020, 10:57 PM IST
Highlights

സ്വപ്‍ന ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണ്‍ വാങ്ങിയതെന്നും സന്തോഷ് ഈപ്പന്‍ ഹര്‍ജിയിൽ പറയുന്നു. ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ കോടതിക്ക് കൈമാറി

കൊച്ചി: ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷൻ ആയി നൽകിയെന്ന് യൂണിടാക് കമ്പനി ഉടമ  സന്തോഷ്‌ ഈപ്പൻ. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് വെളിപ്പെടുത്തൽ. 3.80 കോടി രൂപ  കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും  സ്വപ്‍ന സുരേഷ് അടക്കമുള്ളവർക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍  68 ലക്ഷവും നൽകിയതായി സന്തോഷ്‌ ഈപ്പൻ  വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അടക്കമുള്ളവർക്ക് നൽകാൻ അഞ്ച് ഐ ഫോൺ നൽകിയെന്നും സന്തോഷ്‌ ഈപ്പൻ ഹർജിയിൽ വ്യതമാക്കുന്നു. കഴിഞ്ഞ വർഷം ഡിസംബർ 2ന് യുഎഇ ദേശീയ ദിനത്തിന്‍റെ ഭാഗമായി  തിരുവന്തപുരത്ത് നടന്ന ചടങ്ങിൽ ആണ് ഫോൺ പ്രതിപക്ഷ നേതാവിന് കൈമാറിയത്. സ്വപ്‍നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോൺ നൽകിയതെന്നും ഇതിന്‍റെ ബിൽ ഹാജരാക്കിയിട്ടുണ്ടെന്നും ഹർജിയിൽ സന്തോഷ്‌ ഈപ്പൻ വെളിപ്പെടുത്തി. സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തത്, യുഎഇ കോൺസുലേറ്റിന്‍റെ  നിർമാണ കരാർ ഏറ്റെടുത്ത യൂണിടാക് എഫ്‍സിആര്‍എ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഹർജിയിൽ സന്തോഷ്‌ ഈപ്പൻ പറയുന്നു.

click me!