'കുഞ്ഞികൃഷ്ണൻ്റെ താരപരിവേഷത്തിന് കാരണം ജില്ലാ കമ്മിറ്റി അംഗമെന്ന ലേബൽ'; കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

Published : Jan 26, 2026, 03:53 PM IST
v kunjikrishnan

Synopsis

കുഞ്ഞികൃഷ്ണൻ്റെ താരപരിവേഷത്തിന് കാരണം ജില്ലാ കമ്മിറ്റി അംഗമെന്ന ലേബലാണെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനം. എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതിനുശേഷമാണ് കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ എടുത്തതെന്നും വിമർശനമുയർന്നു. 

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം. ഇപ്പോഴത്തെ താരപരിവേഷത്തിന് കാരണം ജില്ലാ കമ്മിറ്റി അംഗമെന്ന ലേബലാണെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതിനുശേഷമാണ് കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ എടുത്തത്. അതേസമയം, ഇന്ന് തന്നെ കുഞ്ഞികൃഷ്ണനെ പുറത്താക്കിയ തീരുമാനം പാർട്ടി ഔദ്യോ​ഗികമായി പ്രഖ്യാപിക്കും.

അതേസമയം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുറന്നുകാട്ടി, പാർട്ടിയെ പ്രതിരോധത്തിലാക്കിയ വി കുഞ്ഞികൃഷ്ണന്, പാർട്ടിയിൽ നിന്നുതന്നെ സഹായം ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ പഴയ ആരോപണം ഉയർന്നുവന്നത് സംശയകരമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന അഭിപ്രായം. അതേസമയം വിഷയത്തെ രാഷ്ട്രീയമായി നിലനിർത്തി സിപിഎമ്മിനെതിരെ പ്രചാരണം ശക്തമാക്കുകയാണ് കോൺഗ്രസ്.

ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ വി കുഞ്ഞി കൃഷ്ണന് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ? നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പരസ്യപ്രസ്താവനയുമായി ഇറങ്ങിയതിൽ മറ്റു രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടോ? സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ഇന്നലെ ഉയർന്ന ചർച്ചകളിലെ പ്രധാന ആശങ്കകൾ ഇവയാണ്. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനെ ലക്ഷ്യം വെച്ചുള്ള വിഭാഗീയ പ്രവർത്തനങ്ങൾക്ക് പയ്യന്നൂർ, പെരിങ്ങോം ഏരിയ കമ്മിറ്റികൾക്ക് കീഴിലുള്ള ഏതെങ്കിലും നേതാക്കളുടെ സഹായങ്ങൾ ലഭിക്കുന്നുണ്ടോയെന്നും പാർട്ടി പരിശോധിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരിക്കാനുള്ള ഗൂഢലക്ഷ്യങ്ങൾ ഉൾപ്പെടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഉണ്ടോ എന്നും പാർട്ടി അന്വേഷിക്കുന്നുണ്ട്. ആരോപണ വിധേയൻ എംഎൽഎ ആയതിനാൽ സാമ്പത്തിക തട്ടിപ്പ് പാർട്ടി മാത്രം അന്വേഷിച്ചാൽ പോരെന്നാണ് കോൺഗ്രസ് നിലപാട്.

ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിച്ചവർ രക്തസാക്ഷി ഫണ്ട്‌ മുക്കിവയവരെ സംരക്ഷിച്ചതിൽ അത്ഭുതമില്ലെന്ന പരിഹാസവും കോൺഗ്രസ്‌ നേതാക്കൾ ഉയർത്തുന്നുണ്ട്. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം വന്നതോടെ പയ്യന്നൂർ വെള്ളൂരിലെ വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ പടക്കം പൊട്ടിച്ചു. വർഗ്ഗ വഞ്ചകൻ എന്ന മുദ്രാവാക്യവും വിളിച്ചു. എന്നാൽ പുറത്താക്കിയ പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്നാണ് കുഞ്ഞികൃഷ്ണൻ്റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സാമുദായിക ഐക്യത്തിൽ നിന്നുള്ള എൻഎസ്എസ് പിന്മാറ്റത്തിൽ കോൺഗ്രസ് നേതാക്കളുടെ ഇടപെടലും; 'രാഷ്ട്രീയ ലക്ഷ്യത്തിലെ ആശങ്ക പ്രകടിപ്പിച്ചു'
വെള്ളാപ്പള്ളിക്ക് കുത്ത്; വിഎസിനും മമ്മൂട്ടിക്കും വിമലാ മേനോനും പത്മാ പുരസ്കാരം നൽകിയത് സ്വാഗതാര്‍ഹമെന്ന് കെ മുരളീധരൻ