
തിരുവനന്തപുരം: ലോകായുക്തയുടെ ചിറകരിയാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎമ്മിൻ്റെ തനിനിറമാണ് ഓർഡിനൻസ് കൊണ്ടു വരുന്നതിലൂടെ പുറത്തു വരുന്നതെന്ന് വി.മുരളീധരൻ പറഞ്ഞു. ഓർഡിനൻസ് ഒപ്പിടരുതെന്ന് ബിജെപി ഗവർണ്ണറെ സമ്മർദ്ദപ്പെടുത്തില്ല.
കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടു വന്നാൽ ജനാധിപത്യ വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ കൊണ്ടുവന്നാൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്നുമുള്ള അവസ്ഥയാണ് ഇവിടെയെന്നും വി.മുരളീധരൻ പറഞ്ഞു. പെഗാസസ് ചാരസോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് വാർത്ത പുറത്തുവിട്ട ന്യൂയോർക്ക് ടൈംസിൻ്റെ ആധികാരികത സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയോടുള്ള സിപിഎം നിലപാടിലെ കാപട്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തു വരുന്നത്. സിപിഎമ്മിൻ്റെ തനിനിറമാണ് നമ്മൾ ഇപ്പോൾ കാണുന്നത്. കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം നീക്കം നടത്തുമെന്ന കൊടിയേരിയുടെ ന്യായീകരണം കേട്ടിട്ട് സഹതാപം തോന്നുകയാണ്. കേരള സർക്കാരാണ് ലോകായുക്തയെ നിയമിക്കുന്നത്..കേരള സർക്കാർ നിയമിക്കുന്ന ലോകായുക്ത ഉപയോഗിച്ച് എങ്ങനെ നരേന്ദ്രമോദി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കും.
ഓർഡിനൻസ് ഒപ്പിടരുതെന്ന് ബിജെപി ഗവർണ്ണറെ സമ്മർദ്ദപ്പെടുത്തുന്നില്ല. ഗവർണ്ണർ ബിജെപിയുടെ ശമ്പളക്കാരനുമല്ല. കേന്ദ്രത്തിൽ ഓർഡിനൻസ് കൊണ്ട് വന്നാൽ ജനാധിപത്യവിരുദ്ധവും കേരളത്തിൽ കൊണ്ട് വന്നാൽ ജനാധിപത്യവും എന്ന നിലയാണ്. ആരെ സംരക്ഷിക്കാനാണ് സർക്കാർ തിരക്കിട്ട് ഓർഡിനൻസ് കൊണ്ട് വരുന്നതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയേയും വിദ്യാഭ്യാസമന്ത്രിയേയും സംരക്ഷക്കാനാണ് ഈ ഭേദഗതിയെന്ന് ഉറപ്പാണ്. ഭേദഗതി വേണ്ടെന്ന നിലപാടിലാണ് ബിജെപി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam