
തിരുവനന്തപുരം: വര്‍ക്കലയിൽ ട്രെയിൻ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട കേസിലെ പ്രതി സുരേഷ് കുമാറിനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയിലിൽ വച്ച് മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. പ്രധാന സാക്ഷികള്‍ സുരേഷിനെ തിരിച്ചറിഞ്ഞിരുന്നു. കേസിലെ മുഖ്യസാക്ഷികളിൽ ഒരാളായ ട്രെയിൻ യാത്രക്കാരനെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പുകവലിക്കുന്നത് ചോദ്യം ചെയ്തിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയേയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അര്‍ച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്.
പക്ഷേ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചെങ്കിലും ചുവന്ന ഷര്‍ട്ടുകാരനെ കണ്ടില്ല. എന്നാൽ ഇയാളെ അന്വേഷിച്ചെങ്കിലും ഇതുവരേയും കണ്ടെത്താനായില്ല. അതേസമയം, സുരേഷ് കുമാർ ട്രെയിനിൽ കയറുന്നതിന് മുമ്പ് അമിതമായി മദ്യപിച്ചിരുന്നുവെന്നതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിന് സമീപിത്തുള്ള ബാറിൽ നിന്നാണ് മദ്യപിച്ചത്. ശ്രീക്കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam