
തിരുവനന്തപുരം: യുഡിഎഫിൽ കടുത്ത ഭിന്നതയുണ്ടാക്കിയ ബോർഡ് - കോർപറേഷൻ വിഭജന കാര്യത്തിൽ കാര്യങ്ങൾ സമവായത്തിലേക്ക്. ഡിസംബർ ആദ്യ വാരം പൂർത്തിയാക്കാനാണ് ധാരണ. മുഖ്യമന്ത്രിയും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ ചർച്ച നടത്തി. ആർഎസ്പി അടക്കമുള്ള സഖ്യകക്ഷികളും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലും ബോർഡ് - കോർപറേഷൻ വിഭജനം ഏറെ ഭിന്നതയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയിൽ തന്നെ ആർഎസ്പിക്ക് കടുത്ത അതൃപ്തിയെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
ബോർഡ് - കോർപറേഷൻ വിഭജനത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് ആർഎസ്പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ ഉറപ്പ് പറഞ്ഞിട്ടും ചർച്ച നടത്തിയില്ലെന്നായിരുന്നു ആർഎസ്പിയുടെ ആക്ഷേപം. ഒടുവിൽ നാല് പദവികൾ വാഗ്ദാനം ചെയ്തെങ്കിലും ഇത് ആർഎസ്പിക്ക് താൽപര്യമുള്ളവയല്ല. പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആർഎസ്പി നേതാക്കൾ പറയുന്നത്.
മന്ത്രിസഭയിൽ കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശൈലിയിൽ ഘടകകക്ഷിയായ ആർഎസ്പിയും എതിർപ്പ് ഉയർത്തിയത്. ബോർഡ് - കോർപറേഷൻ വിഭജനത്തിൽ ആർഎസ്പി നിയോഗിച്ച സമിതിക്ക് നേതൃത്വം നൽകിയ എൻ കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രിയെ കണ്ട് ഉഭയകക്ഷി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഒടുവിൽ നാല് ബോർഡുകൾ വാഗ്ദാനം ചെയ്തെങ്കിലും അതിൽ ആർഎസ്പി കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളും കോർപറേഷനുകളും ഉണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam