കോൺഗ്രസിലെ നിലവിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. താൻ ഒരു ഭാഗം പിടിച്ചു പറയാൻ ശ്രമിക്കുന്നില്ലെന്നും അഭിപ്രായം പറയേണ്ട സ്ഥലത്ത് പറയുക എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
തിരുവനന്തപുരം: കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങളിൽ നല്ലൊരു പര്യവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരുപാട് കാറും കോളുമൊക്കെ കണ്ടിട്ടുള്ളതാണ്. അതെല്ലാം ശാന്തമായി തീർന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളും തീരുമെന്നാണ് പ്രതീക്ഷ. വർഷങ്ങളുടെ പാരമ്പര്യമുള്ള പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടുതന്നെ പരസ്യ പ്രസ്താവനകളും ഉണ്ടാകും. ഇവിടെ തീരേണ്ടത് ഇവിടെ തീരും. ഡൽഹിയിൽ തീർക്കേണ്ടത് ഡൽഹിയിൽ തീർക്കും എന്നുതന്നെയാണ് വിശ്വാസം. താൻ ഒരു ഭാഗം പിടിച്ചു പറയാൻ ശ്രമിക്കുന്നില്ലെന്നും അഭിപ്രായം പറയേണ്ട സ്ഥലത്ത് പറയുക എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കാര്യങ്ങളൊക്കെ നേരെയാവണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പ്രതികരിക്കേണ്ട സാഹചര്യമുണ്ടായല്ലോ എന്ന ചോദ്യത്തിന് തിരുവഞ്ചൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു- "ഉമ്മൻചാണ്ടി ഞങ്ങളെ സംബന്ധിച്ച് എല്ലാമെല്ലാമാണ്. ചെറിയ പ്രായം മുതൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. സഹോദരങ്ങളേക്കാൾ അടുത്ത ബന്ധമുണ്ട്. ഇപ്പോൾ നടക്കുന്നതിൽ എന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണ്. എല്ലാത്തിനും അവസാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ചിന്താഗതിയുള്ള ആരും ഉമ്മൻചാണ്ടിയെയും കുടുംബത്തെയും വേദനിപ്പിക്കില്ല എന്നാണ് ഞാൻ കരുതുന്നത്".
അധികാരത്തിൽ കൊണ്ടുവന്ന കേരള ജനതയുടെ ആകെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തിരുവഞ്ചൂർ ഓർമിപ്പിച്ചു. ആ ഉത്തരവാദിത്വം നിർവഹിക്കാൻ സഹായകരമായ നിലപാടുകൾ എല്ലാവരും എടുക്കും എന്നാണ് പ്രതീക്ഷ. സ്പീക്കർ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് താൻ കെപിസിസി അച്ചടക്ക സമിതിയിലെ സ്ഥാനം ഒഴിഞ്ഞതാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങൾക്കു പിന്നാലെയാണ് കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങളുടെ തുടക്കം. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരാമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ രക്ഷിക്കാൻ അന്ന് താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായതെന്നും മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് തലയിൽ മുണ്ടിട്ടു ഓടി ഒളിച്ചെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. സിപിഎം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.

















