കേരളത്തെ നടുക്കിയ മുത്തങ്ങ സമരം; പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം ഇന്ന് വിധി

Published : Jul 31, 2026, 07:15 AM IST
muthanga

Synopsis

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്.

സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ ആണ് ഒന്നാം പ്രതി. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെയാണ് കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.

2001ൽ എ കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോൾ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികൾക്ക് ഭൂമി നൽകാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയിൽ ഉറപ്പ് പാലിക്കാത്തതിനാൽ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചു. എണ്ണൂറിലേറെ ആദിവാസികൾ ഇവർക്കൊപ്പം ഇതേ ഭൂമിയിൽ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയിൽ സമരക്കാർ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു. കെ സുധാകരൻ ആയിരുന്നു അന്ന് വനമന്ത്രി. ചർച്ചകൾ ഫലം കണ്ടില്ല. ഒടുവിൽ ഫെബ്രുവരി 19ന് പൊലീസ് നടപടി ആരംഭിച്ചു. ആദിവാസികൾ കെട്ടിയ കുടിലുകൾ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പൊലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികൾ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു.

സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതിചേർത്തു. ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു. സിബിഐ അന്വേഷിച്ച കേസ് ആദിവാസികളുടെ അഭ്യർത്ഥന അനുസരിച്ചാണ് വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. നാല് ഡിവൈഎസ്പി മാർക്ക് ഉൾപ്പെടെ കേസിൽ സാക്ഷികൾ ആയിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കഴുത്തിലെ മുറിവാണ് മരണത്തിനുള്ള പ്രധാനകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പൊലീസിന്റെ തന്നെ ബയനറ്റ് കൊണ്ടുള്ള മുറിവ് ആകാമെന്നും കേസിന് ദൃക്സാക്ഷികൾ ഇല്ല എന്നും ആയിരുന്നു പ്രതിഭാഗം വാദം. സംഭവം നടന്ന് 15 വർഷത്തിനുശേഷം 2018ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

വൈകിയാണെങ്കിലും കോടതിയില്‍ നിന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരന്‍ വിനോദിന്‍റെ കുടുംബം. പ്രതികളെല്ലാവരും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശിക്ഷ വിധിക്കണമായിരുന്നുവെന്ന് വിനോദിന്‍റെ സഹോദരി രമണിയും അമ്മ നാരായണിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമരസ്ഥലത്ത് സുരക്ഷയില്ലാതിരുന്നതു കൊണ്ടാണ് വിനോദ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും രമണി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌; സുഗതന്റെ അവധി അപേക്ഷ പാസാക്കാൻ ബിജെപി നീക്കം
പുനർജനി അഴിമതി ആരോപണം: മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം