ഓഗസ്റ്റ് 14-നാണ് സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് അനുമതി തേടി ആർഡിഡിക്ക് അപേക്ഷ അയച്ചത്. എന്നാൽ, രണ്ടുമാസത്തോളം കാത്തിരുന്നിട്ടും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഒക്ടോബർ 25-നാണ് സ്കൂളിൽനിന്ന് വിനോദയാത്ര പോയത്.
കല്പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ സ്കൂൾ അധികൃതർ വിനോദയാത്രയ്ക്ക് അനുമതി തേടിയിരുന്നതായി റിപ്പോർട്ട്. വിനോദയാത്രയ്ക്ക് അനുമതി തേടി സ്കൂൾ അധികൃതർ ആർഡിഡി(റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ)ക്ക് അയച്ച അപേക്ഷയുടെ പകർപ്പ് പുറത്തുവന്നു.
ഓഗസ്റ്റ് 14-നാണ് സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് അനുമതി തേടി ആർഡിഡിക്ക് അപേക്ഷ അയച്ചത്. എന്നാൽ, രണ്ടുമാസത്തോളം കാത്തിരുന്നിട്ടും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഒക്ടോബർ 25-നാണ് സ്കൂളിൽനിന്ന് വിനോദയാത്ര പോയത്. പലപ്പോഴും വിനോദയാത്രയ്ക്ക് അനുമതി തേടി അപേക്ഷ ലഭിച്ചാൽ മറുപടി ലഭിക്കാറില്ലെന്നും ഈ സാഹചര്യത്തിലാണ് വിനോദയാത്ര പോയതെന്നും പറയുന്നു. മറ്റുസ്കൂളുകളിൽനിന്ന് ഹൈദരാബാദിലേക്ക് സമാനരീതിയിൽ വിനോദയാത്ര പോയിരുന്നതായും ഈ സാഹചര്യത്തിൽ മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരേ നടപടിയെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്നും ആരോപണമുണ്ട്. പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞതോടെ മറ്റ് കാരണങ്ങൾ പറഞ്ഞ് സ്ഥലംമാറ്റിയതാണെന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഉൾപ്പെടെ ആരോപിക്കുന്നു.
മീനങ്ങാടി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണത്തെത്തുടർന്നാണ് വിവാദം ഉടലെടുത്തത്. എന്നാൽ, വൈദ്യപരിശോധനയിൽ പ്രിൻസിപ്പലായ ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. വിനോദയാത്രയ്ക്കിടെ കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ ചിലർ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും ഇതാണ് ആരോപണത്തിന് പിന്നിലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു.
അതിനിടെ, വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ മീനങ്ങാടി സ്കൂളിൽനിന്ന് സ്ഥലംമാറ്റി. ആർഡിഡിയുടെ അനുമതി തേടിയില്ല, രാത്രി യാത്ര നടത്തി, മൂന്ന് ദിവസം വരെ മാത്രമേ പഠനയാത്ര നടത്താവു എന്നിരിക്കെ അഞ്ചു ദിവസത്തെ യാത്ര നടത്തി എന്നീ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് മീനങ്ങാടി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ കഴിഞ്ഞദിവസം പഠിപ്പ് മുടക്കി പ്രതിഷേധിച്ചിരുന്നു. ചൊവ്വാഴ്ചയും വിദ്യാർഥികളുടെ പഠിപ്പുമുടക്ക് സമരം തുടരുകയാണ്. നടപടി പിൻവലിക്കും വരെ സമരം തുടരുമെന്നാണ് കുട്ടികളുടെ നിലപാട്. ഇതിനിടെയാണ് സ്കൂൾ അധികൃതർ വിനോദയാത്രയ്ക്ക് അനുമതി തേടിയിരുന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നത്. അതേസമയം, മീനങ്ങാടി സ്കൂളിലേക്ക് പുതിയ പ്രിൻസിപ്പലിനെ നിയമിച്ചുള്ള ഉത്തരവ് ഇതുവരെ പുറത്ത് ഇറങ്ങിയിട്ടില്ല എന്നതും കുട്ടികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.







