
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ മുന്നണിക്ക് 'മതേതര സാമൂഹികനീതി വിജയ (വെട്രി) സഖ്യം' (സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്) എന്ന് പേരിട്ടു. ചെന്നൈ പനൈയൂരിലെ ടിവികെ ആസ്ഥാനത്ത് നടന്ന സഖ്യകക്ഷി നേതാക്കളുടെ നിർണായക യോഗത്തിലാണ് മുന്നണിയുടെ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. സഖ്യത്തിന്റെ പേരിലും ‘വെട്രി' ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ആണ് സഖ്യത്തിന്‍റെ ചെയർമാൻ. ടിവികെയും കോൺഗ്രസും അടക്കം അഞ്ച് പാർട്ടികൾ ആണ് സഖ്യത്തിൽ ഉള്ളത്.
വിജയ്, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, എംഡിഎംകെ അധ്യക്ഷൻ വൈക്കോ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന്‍റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച നടന്ന യോഗത്തിൽ കോൺഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലീം ലീഗ് എന്നീ പ്രമുഖ കക്ഷികളുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ മാണിക്കം ടാഗോർ, തരംഗൈ കത്ബർട്ട്, പ്രവീൺ ചക്രവർത്തി എന്നിവരും വിസികെ നേതാക്കളായ തോൽ തിരുമാവളവൻ, വന്നി അരശ്, രവികുമാർ, ചിന്തനൈ ശെൽവൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
എംഡിഎംകെ നേതാക്കളായ വൈക്കോ, ദുരൈ വൈക്കോ, മുസ്ലീം ലീഗ് നേതാക്കളായ കെ എം ഖാദർ മൊയ്തീൻ, ഷാജഹാൻ എന്നിവരും ചർച്ചയിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് പുതിയ സഖ്യം ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചതിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ പ്രധാന യോഗമാണ് നടന്നത്. സഖ്യത്തിന്‍റെ ഘടന ഔദ്യോഗികമായി ക്രമീകരിക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam