കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്. ചിറയിൻകീഴിലെ കയ്യാങ്കളി അന്വേഷിക്കുന്ന എംഎം ഹസ്സൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചു.

തിരുവനന്തപുരം: കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്. ചിറയിൻകീഴിലെ കയ്യാങ്കളി അന്വേഷിക്കുന്ന എംഎം ഹസ്സൻ സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചു. പാളയം പ്രദീപിനെ ഒഴിവാക്കിയാണ് രമ്യ ഇന്ന് മണ്ഡലത്തിലെത്തിയത്. അതേസമയം പ്രശ്നത്തിൽ കൂടുതൽ ശക്തമായ നടപടികൾക്ക് ഇനിയും സാധ്യതയുണ്ട്.

പാർട്ടിയെ വെല്ലുവിളിച്ച രമ്യ കെപിസിസി കടുപ്പിച്ചതോടെ അനുനയ പാതയിലാണ്. കയ്യാങ്കളിക്ക് ശേഷം ആദ്യമായി ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലെത്തിയത് പാളയം പ്രദീപ് ഇല്ലാതെയാണ്. പ്രാദേശിക-സംസ്ഥാന നേതൃത്വങ്ങളുടെ എതിർപ്പ് മൂലമാണ് പ്രദീപിനെ ഒഴിവാക്കൽ എന്നാണ് വിവരം. ദില്ലിക്ക് പോയെന്ന് പറഞ്ഞ് ഹസ്സൻ സമിതിക്ക് മുന്നിൽ നേരിട്ടെത്താതെ പാലക്കാടായിരുന്ന രമ്യ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തി. ഹസൻ ആവശ്യപ്പെട്ട പ്രകാരമായിരുന്നു തെളിവെടുപ്പ്. പ്രാദേശിക നേതാക്കളുമായുള്ള പ്രശ്നങ്ങൾ രമ്യ പരാതിയായി ഉന്നയിച്ചെന്നാണ് വിവരം. എന്നാൽ രമ്യക്കും പ്രദീപിനുമെതിരായ പരാതി പ്രളയം സമിതിക്ക് മുന്നിൽ നേരത്തെയുണ്ട്.

നിലവിലെ സസ്പെൻഷന് അപ്പുറത്ത് കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ട്. ഹസ്സൻ പാർട്ടി നേതൃത്വത്തിന് നൽകുന്ന റിപ്പോർട്ടനുസരിച്ചായിരിക്കും തീരുമാനം. എംഎൽഎയെ താക്കീത് ചെയ്യണം, പാർട്ടി പദവിയിൽ നിന്ന് മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ എതിർചേരി ഉയർത്തുന്നുണ്ട്. പ്രദീപിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ കത്ത് നൽകിയതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. പ്രദീപിനെ എന്തായാലും ഇനി സ്റ്റാഫാക്കാൻ നേതൃത്വം അനുവദിക്കില്ല. നിയമനം ആവശ്യപ്പെട്ട് ഇതുവരെ രമ്യ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ല.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News