വഞ്ചിച്ച കാമുകിയെ കൊല്ലണം, വെട്ടുകത്തിയുമായി പത്താംക്ലാസുകാരന്‍; ഞെട്ടിക്കുന്ന കുറിപ്പുമായി പൊലീസ് ഉദ്യോഗസ്ഥ

Published : May 01, 2022, 02:55 PM IST
വഞ്ചിച്ച കാമുകിയെ കൊല്ലണം, വെട്ടുകത്തിയുമായി പത്താംക്ലാസുകാരന്‍; ഞെട്ടിക്കുന്ന കുറിപ്പുമായി പൊലീസ് ഉദ്യോഗസ്ഥ

Synopsis

'ഒരു കുട്ടിയെ കീഴ്പ്പെടുത്താൻ പറ്റാത്ത നീയൊക്കെ പിന്നെ ട്രെയിനിംഗ് കഴിഞ്ഞ പൊലീസ് ആണോ എന്നൊന്നും ചോദിച്ചു ആരും ഈ വഴിക്കു വരണ്ട. കാരണം ഡ്രഗ്ഗ്‌ അഡിക്ഷനും ഗെയിം അഡിക്ഷനും ഉള്ള ഒരു കുട്ടിയുടെ വയലൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ ?' 

കോട്ടയം:  പ്രണയം നിരസിച്ചതിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. അടുത്തിടെ നിരവധി പെണ്‍കുട്ടികളുടെ ജീവനാണ് കൊലക്കത്തിക്കിരയായത്. അടുത്തിടെ കോട്ടയത്ത് കാമുകി വഞ്ചിച്ചതിന്റെ പേരിൽ പ്രശ്നമുണ്ടാക്കിയ വിദ്യാർഥിയെ അനുനയിപ്പിക്കാൻ ചെന്ന പൊലീസ്  ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന അനുഭവം. പതിനഞ്ചുവയസുകാരന്‍റെ കൊലവിളിയെക്കുറിച്ചും മാനസിക നിലയെക്കുറിച്ചും പൊലീസ് ഉദ്യോഗസ്ഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാവുകയാണ്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ നിഷ ജോഷിയാണ് അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. 

ഓൺലൈൻ വഴി പരിചയപ്പെട്ട പെൺകുട്ടി വഞ്ചിച്ചതോടെ അവളെ  കൊല്ലണമെന്ന വാശിയിലായി പത്താം ക്ലാസുകാരൻ. കണ്ണൂർ സ്വദേശിയായ കാമുകിയെ കൊല്ലാൻ പോകുന്നതിന് വണ്ടിക്കാശ് ചോദിച്ചാണ് കുട്ടി പ്രശ്നമുണ്ടാക്കിയത്. അനുനയിപ്പിക്കാൻ വീട്ടിൽ ചെന്നപ്പോൾ തനിക്ക് നേരെ  വെട്ടുകത്തിയുമായി കുട്ടി പാഞ്ഞടുത്തെന്നും  അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥ പറയുന്നു. കുട്ടികൾ പഴയപോലെ അല്ലെന്നും ലഹരിക്കും ഗെയിമുകൾക്കും അടിമകളായി മക്കൾ മാറാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നാണ് നിഷ ജോഷി രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ഉപദേശം.

നിഷയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം 
 
പൊലീസുകാർ മിക്കവരും ദൈനദിനം അപകടം പിടിച്ച ഡ്യൂട്ടിക്കളിലൂടെ കടന്നു പോവാറുണ്ട്. മദ്യപിച്ചു ലക്കുകെട്ടവരെയും മാനസിക വൈകല്യം ഉള്ളവരെയും കൊലയാളികളിയുമൊക്കെ നേരിടാറുമുണ്ട്. ഏകദേശം 20 വർഷത്തോട് അടുക്കുന്ന എന്റെ സർവീസ് ജീവിതത്തിലും ഇത്തരം അനവധി ആളുകളുമായി കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാലും ഇന്നലെ ഉണ്ടായ ഒരു അനുഭവം സർവീസിൽ ആദ്യം. ഇന്നലെ രാത്രിയും പകലുമായി ഡ്യൂട്ടി ആയിരുന്നു. രാവിലെ കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ കുട്ടികൾക്ക് ലീഡര്‍ഷിപ്നെ കുറിച്ചും ഡ്രഗ്ഗ്സിന് എതിരെ ഉള്ള ബോധവൽക്കരണ ക്ലാസും ഒക്കെ കഴിഞ്ഞു ജസ്റ്റ്‌ സ്റ്റേഷനിലേയ്ക്ക് എത്തിയതേ ഉള്ളു. അപ്പോഴാണ് ഒരു അച്ഛൻ ആകെ വെപ്രാളത്തിൽ സ്റ്റേഷനിൽ എത്തിയത്. അദ്ദേഹത്തിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൻ പറഞ്ഞാൽ അനുസരിക്കുന്നില്ല.. കുട്ടിയ്ക്കു ഒരു കാമുകിയുണ്ട്. അവൾ അവനെ തേച്ചതുകൊണ്ട് ഓൺലൈൻ വഴി പരിചയപ്പെട്ടു കണ്ണൂർകാരിയായ അവളെ കൊല്ലാൻ പോകാൻ വണ്ടിക്കൂലിയ്ക്ക് കാശ് ചോദിച്ചു വീട്ടിൽ വഴക്കുണ്ടാക്കുന്നു. ഇതായിരുന്നു ആ അച്ഛന്റെ പരാതി. 

ഇന്നലെ എല്ലാവർക്കും സ്പെഷ്യൽ ഡ്യൂട്ടി ആയതിനാൽ സ്റ്റേഷനിൽ ആളില്ല.. സ്വാഭാവികമായും ചൈല്‍ഡ് ഫ്രണ്ട്ലി ഓഫീസര്‍ കൂടിയായ എനിക്കായി കുട്ടിയെ നേരെ ആക്കേണ്ട ചുമതല.  രാവിലെ കുട്ടികളുടെ പ്രോഗ്രാമിലൊക്കെ പങ്കെടുത്തു ആത്മ വിശ്വാസത്തിൽ ആയിരിക്കുന്ന എനിക്ക് ഇതു കേട്ടപ്പോൾ സോ. സിമ്പിള്‍. എത്രയോ കുട്ടികളെ നമ്മൾ കൈകാര്യം ചെയ്തിരിക്കുന്നു. എസ്പിസിയുടെ ഭാഗമായി എത്രയോ കുട്ടികളെ കാണുന്നു. അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നു. ഇതൊക്കെ നിസാരം. കുട്ടി ആയതുകൊണ്ട് യൂണിഫോം മാറി സിവിൽ ഡ്രെസ്സിൽ ഞാൻ തയ്യാറായി. സ്റ്റേഷനിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ ദൂരമേ അവരുടെ വീട്ടിലേയ്ക്ക് ഉള്ളു. ഞാൻ എന്റെ ആക്ടിവയിൽ പോവാൻ തയ്യാറായപ്പോൾ അവരുടെ കാറുണ്ട് അതിൽ പോകാമെന്നായി അവർ. കാറിൽ കയറി ഒരു മൂളിപ്പാട്ടൊക്കെ പാടി. അവനെ സ്നേഹത്തോടെ ചേർത്തിരുത്തി അവിടെ ചെന്ന് കഴിഞ്ഞു അവനെ കേൾക്കേണ്ടത് എങ്ങനെ ആണെന്നും അവനെ ഒന്ന് ചേർത്ത് നിർത്തി സമധാനിപ്പിക്കണം എന്നുമൊക്കെ ആലോചിച്ചു ഞാൻ വണ്ടിയിൽ ഇരുന്നു.

എന്റെ മോനും ഏകദേശം അതെ പ്രായമൊക്കെ ആണല്ലോ. കാർ ഒരു വല്യ വീടിന്റെ മുറ്റത്തു ചെന്നാണ് നിന്നത്.  ആ വീട്ടിൽ ആരൊക്കെയോ ഉണ്ടായിരുന്നു അവനു ചുറ്റും. ഞാൻ ചിരിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങി. ഉടനെ അവൻ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. നീ ആരാ ? ഞാൻ മറുപടി പറയുന്നതിന് മുൻപ് കുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെ ഒരു സർ ആണ് എന്ന് പറഞ്ഞു.  മോനെ ഒന്ന് കാണാൻ വന്നതാണ് എന്ന് സ്നേഹത്തോടെ ഞാൻ പറഞ്ഞു. പെട്ടെന്ന് കൂടെ ഉണ്ടായിരുന്നവരെ തള്ളി മാറ്റി അവൻ അകത്തേയ്ക്ക് പാഞ്ഞു.  തിരിച്ചു അലറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നു ഒരു വെട്ടുകത്തി എന്റെ നേരെ ആഞ്ഞു വീശി. ഒരു നിമിഷം ഞാൻ മരണം മുന്നിൽ കണ്ടു. പ്രായത്തിൽ കവിഞ്ഞ വളർച്ച ഉള്ള അവനെ തടയാൻ അവർ ശ്രെമിച്ചിട്ടു പറ്റുന്നില്ല.. കത്തി താഴെ ഇടെടാ എന്ന് പറയുമ്പോൾ താഴെ ഇടാൻ ഇതു സിനിമയുമല്ലല്ലോ. ഒരു കുട്ടിയെ കീഴ്പ്പെടുത്താൻ പറ്റാത്ത നീയൊക്കെ പിന്നെ ട്രെയിനിംഗ് കഴിഞ്ഞ പൊലീസ് ആണോ എന്നൊന്നും ചോദിച്ചു ആരും ഈ വഴിക്കു വരണ്ട. കാരണം ഡ്രഗ്ഗ്‌ അഡിക്ഷനും ഗെയിം അഡിക്ഷനും ഉള്ള ഒരു കുട്ടിയുടെ വയലൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ. വെട്ടുകത്തി ആഞ്ഞു വീശുന്നവനെ കീഴ്പ്പെടുത്താൻ അപ്പോൾ സെൽഫ് ഡിഫെൻസിന്റെ പാഠങ്ങൾ  ഒന്നും മനസ്സിലേക്ക് വന്നതുമില്ല.. ഒന്നുമാത്രം മനസ്സിൽ വന്നു. എന്റെ അപ്പനില്ലാത്ത കുട്ടികൾക്ക് അമ്മയും കൂടി ഇല്ലാതാവുമല്ലോ എന്ന്. 

എന്തേലും എനിക്ക് സംഭവിച്ചാൽ ഒരു ദിവസം ആദരാഞ്ജലികൾ സ്റ്റാറ്റസ് ആയി എല്ലാരും ഇടും. വെറും  രൂപ റിസ്ക് അലവന്‍സ് കിട്ടുന്ന പോലീസ് ജോലിക്ക് വെട്ടുകൊണ്ട് റിസ്ക് എടുക്കാൻ കഴിയാത്തതുകൊണ്ട് സ്കൂട്ട് ആവുകയല്ലാതെ എനിക്ക് മുൻപിൽഅപ്പോൾ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു.   ഓപ്പോസിറ് വീട്ടിലേക്കാണ് ഞാൻ ചെന്നത്. എന്നേക്കാൾ ആരോഗ്യമുള്ള അവൻ വെട്ടുകത്തിയുമായി പുറകെയും. ആ വീട്ടുകാർ ഹെൽപ് ചെയ്താൽ അവരുടെ കൂടെ സഹായത്തോടെ അവനെ കീഴ്പ്പെടുത്താം പക്ഷേ വീട്ടുകാർക്ക് അവനെ ഭയം ആണെന്ന് തോന്നുന്നു.... ഞാൻ അടുത്ത വീട്ടിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് ഫോൺ വിളിച്ചു ജീപ്പ് വരുവാൻ പറഞ്ഞു. സംഭവം അറിഞ്ഞു ജീപ്പ് എത്തി. അപ്പോഴും അവൻവെട്ടു കത്തിയുമായി അലറിക്കൊണ്ട് റോഡിലൂടെ നടക്കുകയാണ്. ഇതിവിടെ കുറിക്കാൻ കാരണം വേറെ ഒന്നുമല്ല. എന്റെ സഹപ്രവർത്തകർക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഇനി ഉണ്ടാവരുത് എന്ന് ഓർത്താണ്. കാലം ഒരുപാട് മാറി. എത്ര ആളില്ലാത്ത സ്റ്റേഷൻ ആണെങ്കിലും ഇന്ന് എനിക്ക് സംഭവിച്ചതുപോലെ ഒറ്റയ്ക്ക് ഡ്യൂട്ടിയ്ക്ക് പോവാതിരിക്കുക. എന്തെങ്കിലും പറ്റിയാൽ നിങ്ങൾ എന്തിന് ഒറ്റയ്ക്ക് പോയി എന്ന് കുറ്റപ്പെടുത്താനേ ആളുണ്ടാവു. നമ്മൾ കുട്ടികൾ ആയിരുന്നപ്പോഴത്തെ പോലുള്ള കുട്ടികൾ അല്ല ഇപ്പോൾ. നമ്മൾ കണ്ട തുലഭാരം കണ്ടു വളർന്നവർ അല്ല അവർ. ആക്ഷനും വയലൻസ് ഉം ഉള്ള കെജിഎഫ് കണ്ടു വളരുന്നവരാണ്. പബ്ജീയ്ക്കും ഫ്രീ ഫയർനു അഡിക്ട് ആയി വളരുന്നവരാണ്. 

ലാഘവത്തോടെ അവരെ കൈകാര്യം ചെയ്യാമെന്ന അമിത ആത്മ വിശ്വാസം ഒരിക്കലും വേണ്ട. എന്നെ അവൻ ഉപദ്രവിച്ചാലും അവനു കുട്ടി എന്ന പ്രിവിലേജ് ഉണ്ട് അവനു വേണ്ടി സംസാരിക്കാൻ ബാല അവകാശ കമ്മിഷനുകൾ ഉണ്ട്. ഞങ്ങളുടെ ടാക്സ് കൊണ്ട് ശമ്പളം തരുന്നത് ഇതൊക്കെ ചെയ്യാൻ വേണ്ടി ആണ് എന്ന് ഘോരഘോരം വാദിക്കുന്നവരോട്. അവരവരുടെ മക്കളെ കൺട്രോളിൽ വളർത്താൻ പഠിക്കുക എന്നൊരു അപേക്ഷ ഉണ്ട്. ചെയ്യേണ്ട കടമകളിൽ നിന്ന് ഒഴിഞ്ഞു മാറി എല്ലാം പോലീസിന്റെ മാത്രം ഉത്തര വാദിത്വം എന്ന ചിന്തയും കളയുക.... ഡി അഡിക്ഷൻ വേണ്ടവർക്ക് അതും സൈക്യട്രി ട്രീത്മെന്റും കൗൺസിലിങ്ങും വേണ്ടവർക്ക് അതും നൽകുക. ചൈല്‍ഡ് വെൽഫെയർ കമ്മിറ്റിയും ചൈല്‍ഡ് ലൈൻ മൊക്കെ നിങ്ങളെ സഹായിക്കാനുണ്ട്. എല്ലാത്തിനുമുള്ള മരുന്ന് പോലീസിന്റെ കയ്യിൽ ഇല്ല.  ചൂരൽ എടുത്തു പോലും തല്ലാൻ നിയമം അനുവദിക്കുന്നുമില്ല. വെട്ടുന്നവന്റെ നേരെ വിരിമാറ് കാട്ടിക്കൊടുക്കണമെങ്കിൽ പോലീസുകാർക്ക് കുട്ടിയും കുടുംബവും ഒന്നും ഇല്ലാതിരിക്കണം. (NB: കുട്ടിയെ ട്രീറ്റ്മെന്റിനും കൗൺസിലിങ്ങിനും .ഉള്ള കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് )

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപ്തി മേരി വര്‍ഗീസിന്‍റെ സാധ്യതകള്‍ അടയുമോ? കൊച്ചിയിൽ മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസിൽ സമ്മര്‍ദം ശക്തമാക്കി ലത്തീൻ സഭയും
'മനസിൽ തട്ടി അഭിനന്ദിക്കുന്നു' പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിലെ കേസ് നേരിടാൻ എല്ലാം നിയമസഹായവും വാഗ്ദാനം ചെയ്ത് കോൺഗ്രസ്