
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ച വി കെ നിഷാദ് സ്ഥാനാർത്ഥിയായി തുടരും. സ്ഥാനാർത്ഥിത്വത്തിന് നിയമതടസമില്ലെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സിപിഎം വ്യക്തമാക്കി. പയ്യന്നൂർ നഗരസഭയിലെ മത്സരിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് നിഷാദ്, നന്ദകുമാർ എന്നിവരെയാണ് കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിൽ 46ാം വാർഡിൽ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി കെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരുന്നതിന് ശിക്ഷാവിധി തടസമാകും. ഇതിനിടെ പ്രതികൾക്ക് കോടതി വളപ്പിൽ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ ലഭിച്ച സ്വീകരണത്തിൽ വിമർശനം ശക്തമാവുകയാണ്.
13 വർഷം മുൻപ് പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ച പ്രതികൾക്ക് ലഭിച്ച സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികളെ പോരാളികളും ധീരന്മാരുമായി വാഴ്ത്തിയ മുദ്രാവാക്യവുമായി കോടതി വളപ്പിലും ജയിലിനു പുറത്തുമെത്തിയത് വി ശിവദാസൻ എംപിയുൾപ്പടെ സിപിഎം നേതാക്കളുടെ വലിയ നിര. പയ്യന്നൂർ 46ാം വാർഡിലെ സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡന്റുമായ വി കെ നിഷാദ്, ടി സി വി നന്ദകുമാർ എന്നിവർക്ക് 20 വർഷം തടവും പിഴയുമാണ് തളിപറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
നേരത്തെ പല കൊലപാതക കേസുകളിലും സ്വീകരിച്ച അതേ രീതിയിൽ പ്രതികൾക്ക് വീര പരിവേഷം നൽകിയാണ് സിപിഎം ജയിലിലേക്ക് യാത്ര അയച്ചത്. പ്രധാന നേതാക്കൾ അടക്കം നീതി വ്യവസ്ഥയെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകിയെത്തി എന്നതാണ് ശ്രദ്ധേയമായത്. എന്നാൽ, ശിക്ഷവിധി വി കെ നിഷാദ് മത്സരിക്കുന്നതിനെ ബാധിക്കില്ലെന്നും സ്ഥാനാർത്ഥിക്കായി പ്രചാരണം തുടരാനുമാണ് സി പി എം തീരുമാനം. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും പാർട്ടി വ്യക്തമാക്കി. ഇതേ വാർഡിൽ ഡമ്മി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലോക്കൽ കമ്മിറ്റി അംഗം പത്രിക പിൻവലിച്ചില്ലെങ്കിലും നിഷാദ് തന്നെ ഔദ്യോഗിക സ്ഥാനാർത്ഥിയായി തുടരും. ഇതിനിടെ തടവു ശിക്ഷ ലഭിച്ചവർക്ക് നൽകിയ സ്വീകരണവും സ്ഥാനാർത്ഥിത്വവും ചർച്ചയാക്കുന്നുണ്ട് കോണ്‍ഗ്രസും ബിജെപിയും. നിയമവാഴ്ചയിലും ജനാധിപത്യത്തിലും വിശ്വാസമുണ്ടെങ്കില്‍ നിഷാദിനുള്ള പിന്തുണ പിന്‍വലിച്ച് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോടതിയെയും നിയമത്തെയും വെല്ലുവിളിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെതെന്നും പരക്കെ വിമർശനമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam