
തൃശൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് പള്ളികൾ കയറിയിറങ്ങിയവര്‍ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇതെല്ലാം ക്രൈസ്തവ സമൂഹം കാണുന്നുണ്ടെന്നും ക്രൈസ്തവര്‍ അക്രമിക്കപ്പെടുമ്പോൾ ഉള്ള സുരേഷ് ഗോപിയുടെ മൗനം സഭാ അധ്യക്ഷൻമാർ ശ്രദ്ധിക്കുന്നുണ്ടാവും. എംപി യെ കാണാനില്ലെന്നാണ് പറയുന്നത്. വിജയിച്ച എംപിയുടെ സഹോദരൻ പോലും ഇരട്ട വോട്ട് ചേർത്തു എന്നാണ് ഇപ്പോൾ തെളിയുന്നത്. വളരെ പ്രാധാന്യമുള്ള സമയത്തെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകണം എന്നാണ് മന്ത്രി പറഞ്ഞത്.
ചരിത്രത്തില്ലാത്ത വിധത്തില്‍ സ്വാതന്ത്ര്യ ദിനം വിഭജന ഭീതി ദിനമായി ആചരിപ്പിക്കാൻ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് മതനിരപേക്ഷ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല എന്നും മന്ത്രി പ്രതികരിച്ചു. ഭിന്നിപ്പ് വളരാൻ മാത്രമേ സഹായിക്കൂ. ഇത് അംഗീകരിച്ച് കൊടുക്കാൻ സാധിക്കുന്നതല്ല. സ്വാതന്ത്ര്യദിന തലേന്ന് വിഷം ചീറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ചില കിങ്കരൻമാർ പരിപാടി നടത്താൻ ആഹ്വാനം ചെയ്തേക്കാം. മതനിരപേക്ഷ മൂല്യങ്ങളോട് പ്രതിപത്തിയുള്ളവർ ഇതില്‍ നിന്ന് മാറി നില്‍ക്കും എന്നാണ് പ്രതീക്ഷ. ജനാധിപത്യ വിശ്വാസികൾ ഇത് പ്രതിരോധിക്കേണ്ടതാണ്. മതരാഷ്ട്ര നിർമ്മിതിയാണ് സംഘപരിവാർ ലക്ഷ്യം വെക്കുന്നത്. അതിലേക്ക് യുവജനങ്ങളെ സംഘടിപ്പിക്കുന്ന പരിപാടി എതിർക്കപ്പെടണം. കള്ള വോട്ട് ചേർത്തുള്ള നിന്ദ്യമായ രീതി നമ്മൾ കണ്ടു. ജനാധിപത്യത്തോട് ഇവർക്കുള്ള വിലയില്ലായ്മയാണ് കാണുന്നത്. കലാലയങ്ങളില്‍ സ്വതന്ത്ര്യദിനമാണ് സമുചിതമായി ആഘോഷിക്കേണ്ടത്. മാനവികമായ സാഹോദര്യത്തിലാണ് ഊന്നല്‍ നല്‍കേണ്ടത്. ഗവർണറുടെ നിലപാട് അപലപനീയമാണ്. ആർഎസ്എസിന് സ്വാതന്ത്ര്യദിനത്തോട് ഒരു കാലത്തും അഭിനിവേശമില്ല. എല്ലാ കാലത്തും സാമ്രാജ്യത്വ ശക്തികളോട് വിനീത വിധേയരായി നില്‍ക്കുന്നവരാണ് ആർഎസ്എസ്. ഏത് മോശപ്പെട്ട രീതിയിലും അധികാരത്തിലെത്താനാണ് ആര്‍എസ്എസും ബിജെപിയും സംഘപരിവാരവും ശ്രമിക്കുന്നത് എന്നും ആര്‍ ബിന്ദു പറഞ്ഞു.