
പാലക്കാട്: സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് ഒരു സംഘടനാ ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. അതിൽ നിന്ന് തന്നെ പുറത്താക്കുകയോ ഞാൻ രാജിവെക്കുകയോ ചെയ്തിട്ടില്ലെന്ന് വിടിബൽറാം പറഞ്ഞു. മന്ത്രി എംബി രാജേഷിൻ്റെയും ശിവൻകുട്ടിയുടെയും ലക്ഷ്യങ്ങൾ മറ്റു പലതുമാണ്. തന്നെ സമൂഹമാധ്യമങ്ങളിലെ സ്ഥിരം വഴക്കാളിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും വിടി ബൽറാം പറഞ്ഞു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് രാജിവെച്ചതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനോടാണ് ബൽറാമിൻ്റെ പ്രതികരണം.
അനുരാഗ് താക്കൂറിനെ ആത്മമിത്രമായി പരിഗണിച്ചത് എംബി രാജേഷ് ആണ്. ബീഹാറിലെ ഇലക്ഷൻ വിഷയം ഇരുവർക്കും ഇപ്പോൾ ശ്രദ്ധയിൽ വന്നതിൽ സന്തോഷമുണ്ട്. പിണറായി വിജയൻ വോട്ട് അട്ടിമറി വിഷയത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. വൈകാരികത ആളിക്കത്തിക്കാൻ വർഷങ്ങൾക്കിപ്പുറവും രാജേഷ് ശ്രമിക്കുകയാണ്. തനിക്കെതിരെ അതുമാത്രം പറഞ്ഞുകൊണ്ട് നടക്കുന്നവരുടെ ഉദ്ദേശശുദ്ധി എത്രത്തോളം എന്ന് മനസ്സിലാകും. ബിജെപിയുടെ കപട വിലാപങ്ങളുടെ മെഗാഫോൺ ആണ് എംബി രാജേഷ് എന്നും ബൽറാം പറഞ്ഞു.
നേരത്തെ, വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്. അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹ്യമാധ്യമ വിഭാഗം പുനസംഘടന പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam