
വയനാട്: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈത്തിരി സ്വദേശിനിയായ യുവതിയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭർത്താവിന് കഴിഞ്ഞ ദിവസം മർദനമേറ്റിരുന്നു. അതേസമയം ഗഗാറിനെതിരായ പരാതിയില്‍ സൂചിപ്പിച്ച യുവതിയുടെ സുഹൃത്ത് തുളസി ജീവന് ഭീഷണിയുണ്ടെന്നുകാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
കഴിഞ്ഞ ഒക്ടോബർ 21ന് വൈത്തിരിയിലെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സക്കീനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മരണം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിലെ മുറിവ് തൂങ്ങിമരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും ചുണ്ടിലെ മുറിവിന്‍റെ കാരണം വ്യക്തമല്ല. ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്റെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഒരാഴ്ച മുമ്പ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ മുറിവിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെകുറിച്ച് ഇനി പരിശോധിക്കുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്‍കുന്ന മറുപടി.
അതേസമയം, തനിക്ക് ജിവന് ഭീഷണിയുണ്ടെന്ന് സക്കീനയുടെ സുഹൃത്ത് തുളസി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സക്കീനയുടെ മരണത്തില്‍ പി ഗഗാറിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ഭർത്താവ് ജോണിന് മർദനമേറ്റ സാഹചര്യത്തിലാണ് തുളസിയും പരാതി നല്‍കിയത്. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയെന്ന് ജോൺ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവർത്തിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം.
Also Read: സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതിപ്പെട്ട യുവാവിന് മർദ്ദനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam