കൽപ്പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിന് മർദനമേറ്റെന്നു പരാതി. വൈത്തിരി സ്വദേശി ജോണിനാണ് മർദ്ദനമേറ്റത്. വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂർവ്വം പ്രശ്നമുണ്ടാക്കി മർദ്ദിച്ചുവെന്നാണ് ആരോപണം.

ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം എന്നാണ് ജോണിന്റെ പരാതി. വൈത്തിരി പഞ്ചായത്തംഗം എൽസിയും സിപിഎം പ്രവർത്തകരും സംഘത്തിൽ ഉണ്ടായിരുന്നു എന്നും ജോൺ പറഞ്ഞു.

വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂർവം തർക്കം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ജോണ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ജോണിനെതിരെ പഞ്ചായത്തംഗം എൽസിയും പരാതി നൽകിയിട്ടുണ്ട്. 

ഭാര്യ സക്കീനയുടെ മരണത്തിൽ പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇയാൾ വയനാട് എസ്പിക്ക് പരാതി നല്കിയിരുന്നു. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സക്കീനയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയത്.

ഭാര്യയുടെ മരണം കൊലപാതകമാണെന്നു കരുതുന്നതായും അയൽവാസികളായ നാല് പേരെ സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവരുടെ വിവരങ്ങളും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.