വയനാട് തുരങ്കപ്പാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും; എതിര്‍പ്പുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി

Published : May 29, 2025, 08:54 AM IST
വയനാട് തുരങ്കപ്പാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും; എതിര്‍പ്പുമായി വയനാട് പ്രകൃതി സംരക്ഷണ സമിതി

Synopsis

പാരിസ്ഥിതിക അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്നും എൻ ബാദുഷ പറഞ്ഞു.

കല്‍പ്പറ്റ: വയനാട് തുരങ്കപ്പാതക്കെതിരെ എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്‍റ് എൻ ബാദുഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചൂരൽമല , പുത്തുമല , കവളപ്പാറ ഉരുൾപ്പൊട്ടൽ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണം. കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പാരിസ്ഥിതിക അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്നും ബാദുഷ പറഞ്ഞു.

അതേസമയം, തുരങ്കപ്പാതക്ക് കേന്ദ്ര അനുമതി ലഭിച്ചതിന് പിന്നാലെ പ്രവൃത്തി ഉടൻ തുടങ്ങാനാകുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് പറഞ്ഞു. സ്വപ്ന പദ്ധതിയാണ് യഥാര്‍ത്ഥ്യമാകാൻ പോകുന്നത്. അന്തിമ പാരിസ്ഥിതിക അനുമതിയുടെ വിജ്ഞാപനവും ഉടൻ ഇറങ്ങുമെന്നും ലിന്‍റോ ജോസഫ് പറഞ്ഞു.

കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാല് വരി തുരങ്കപ്പാതയ്ക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. 60 ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നതെന്നാണ് വിവരം. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാനാവും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗർഭ പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ് വലിയ കടമ്പ പിന്നിടുന്നത്. നേരത്തെ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് പല തവണ കേന്ദ്രം പദ്ധതിയോട് മുഖം തിരിച്ചിരുന്നു. പലപ്പോഴായി സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ തേടിയിരുന്നു. അതേസമയം വയനാട് ഏറ്റവും പരിസ്ഥിതി ലോല മേഖലയായതിനാൽ തന്നെ പദ്ധതിക്കെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയരാനുള്ള സാധ്യതയുണ്ട്.

1800 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരുന്നത്. മാറിയ സാഹചര്യത്തിൽ പദ്ധതിയുടെ ചെലവും ഉയരും. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിൽ വയനാടിനെ സംബന്ധിച്ച് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്നതാണ് പദ്ധതി. അതേസമയം കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം നിഷ്കർഷിച്ചിരിക്കുന്ന ഉപാധികൾ സംബന്ധിച്ച് വ്യക്തതയില്ല. കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്‍റെ മെയ് 14-15 തീയ്യതികളിൽ നടന്ന 401ാമത് യോഗത്തിലാണ് പദ്ധതി വിശദമായി ചർച്ച ചെയ്ത് അനുമതി നൽകാനുള്ള അന്തിമ തീരുമാനമെടുത്തത്.

കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത്. 2134 കോടി രൂപ കിഫ്ബി പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലായി പദ്ധതിക്ക് വേണ്ടി 80 ശതമാനത്തോളം ഭൂമിയേറ്റടുക്കലും പൂർത്തിയായിരുന്നു. പാരിസ്ഥിതിക അനുമതി ലഭിക്കും മുൻപ് തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെ പോയതിന്‍റെ  തെളിവാണ് ഇവയെല്ലാം. കേന്ദ്ര പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചതോടെ ഇനി പ്രാദേശികമായി ഉയരാനുള്ള പ്രതിഷേധങ്ങൾ മറികടന്ന് പദ്ധതി സർക്കാർ നടപ്പാക്കുന്നത് എങ്ങനെയെന്നതാണ് ഉറ്റുനോക്കപ്പെടുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു