വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

By Web TeamFirst Published Mar 11, 2019, 6:18 PM IST
Highlights

 6 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറത്തിറക്കിയ ഉത്തരവിൽ നിർദേശം.
 

തിരുവനന്തപുരം: വയനാട് വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടൽ കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവ്. അന്വേഷണത്തിനായി വയനാട് ജില്ലാ കലക്ടർ എ ആർ അജയകുമാറിനെ ചുതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 6 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറത്തിറക്കിയ ഉത്തരവിൽ നിർദേശം.

മാർച്ച് ആറിന് വൈത്തിരിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി  കൊലപ്പെടുത്തുകയായിരുന്നുവെന്നും സി പി ജലീലിന്‍റെ കുടുംബം ആരോപിച്ചിരുന്നു. 

സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തരം ഏറ്റുമുട്ടലുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും മജിസ്റ്റരീയൽ അന്വേഷണവും ആവശ്യമാണ്. കേസിൽ നേരെത്തെ തന്നെ ക്രൈം ബ്രാഞ്ച്
അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച്  കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി ശ്രീനിവാസന്‍റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് വയനാട് ജില്ലാ കളക്ടർ എ ആർ അജയ കുമാറിന്‍റെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. 

click me!