
കൊച്ചി: സമുദ്ര സസ്തനികളെ ശബ്ദവീചികളിലൂടെ മനസ്സിലാക്കാനും നിരീക്ഷിക്കാനുമുള്ള സാങ്കേതികവിദ്യ പരിചയപ്പെടുത്തി ഗവേഷകർ. സിഎംഎഫ്ആർഐയിൽ നടന്ന ആഗോള മറൈൻ സിംപോസയിത്തിലെ സമുദ്രസസ്തനികളെ കുറിച്ചുള്ള പ്രത്യേക സെഷനിൽ പുതിയ ഗവേഷരീതി ചർച്ചയായി. പാസീവ് അക്കോസ്റ്റിക് മോണിറ്ററിംഗ് എന്ന ശബ്ദാധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് നൂറുകണക്കിന് കിലോമീറ്റർ അകലെനിന്നുപോലും തിമിംഗലങ്ങളെയും ഡോൾഫിനുകളെയും നിരീക്ഷിക്കുന്നത് ഇന്ത്യയുടെ സമുദ്ര സസ്തനി ഗവേഷണത്തിൽ വലിയ ചുവടുവെപ്പാകുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു.
വെളിച്ചത്തേക്കാൾ വേഗത്തിൽ വെള്ളത്തിനടിയിലൂടെ ശബ്ദം സഞ്ചരിക്കുന്നതിനാൽ, രാപ്പകൽ ഭേദമില്ലാതെ സമുദ്രജീവികളെ നിരീക്ഷിക്കാൻ ഈ രീതി സഹായകരമാകും. ബൂയികൾ, ടാഗുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് കടൽ സസ്തനികളുടെ ശബ്ദങ്ങൾ പിടിച്ചെടുത്ത്, അവയുടെ സാന്നിധ്യം, എണ്ണം, ദേശാടന വഴികൾ എന്നിവ കണ്ടെത്താനാകും. നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നിവ കൂടി സംയോജിപ്പിക്കുന്നതിലൂടെ ഓരോ ഇനം സസ്തനികളെയും കൃത്യമായി മനസ്സിലാക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു.
സമുദ്ര സസ്തനികൾ നേരിടുന്ന നിരവധി വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇവയുടെ ദീർഘകാല സംരക്ഷണത്തിനായി ദേശീയ കർമ്മ പദ്ധതി രൂപീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ആവാസവ്യവസ്ഥാ നശീകരണം, മലിനീകരണം, കപ്പലുകളുമായുള്ള കൂട്ടിയിടി, മത്സ്യബന്ധന വലകളിലെ കുരുക്ക് എന്നിവയാണ് ജീവികൾക്ക് പ്രധാന ഭീഷണിയാണ്.
ഗവേഷണം, നിരീക്ഷണം, സംരക്ഷണം എന്നിവ ഏകോപിപ്പിക്കാനായി ദേശീയതലത്തിൽ മൾട്ടി-ഇൻസ്റ്റിറ്റിയൂഷണൽ നെറ്റ്‌വർക്ക് അടിയന്തരമായി രൂപീകരിക്കണം. കരയ്ക്കടിയുന്ന ജീവികളെ കൈകാര്യം ചെയ്യാനും പോസ്റ്റ്മോർട്ടം നടത്താനും യോഗ്യരായ ശാസ്ത്രജ്ഞർക്ക് അധികാരം നൽകണം. ഡേറ്റ ശേഖരണത്തിനും പ്രതികരണത്തിനുമായി ദേശീയ പ്രോട്ടോക്കോൾ ഉണ്ടാകുന്നത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും സംഗമം വിലയിരുത്തി. കുഫോസ് വൈസ്ചാൻസലർ ഡോ എ ബിജുകുമാർ, ഡോ ജെ ജയശങ്കർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, ഡോ . വിവേകാനന്ദൻ, ഡോ. സിജോ വർഗ്ഗീസ്, ഡോ ദിവ്യ പണിക്കർ, ഡോ. ഇഷ ബോപ്പർദികർ, ഡോ ജോയ്‌സ് വി തോമസ്, ഡോ പ്രജിത്ത്, ഡോ ഫ്രാൻസെസ് ഗള്ളാൻഡ്, ഡോ ദിപാനി സുതാരിയ, ഡോ രതീഷ് കുമാർ ആർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam