
തൃശൂർ: എമ്പുരാൻ വിഷയത്തിൽ നിലപാട് പറയാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
അതേസമയം എമ്പുരാൻ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കാണുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. സിനിമ സിനിമയാണ് എന്നാണ് എം ടി രമേശ് പറഞ്ഞത്. സംസ്ഥാന അധ്യക്ഷനും അതാണ് പറഞ്ഞത്. താനും സിനിമ കാണുമെന്ന് ജോർജ് കുര്യൻ പറഞ്ഞു.
"മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായാണ് വന്നത്. നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷം ആണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്. ബിജെപി സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. എമ്പുരാന്‍ കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യും" എന്നാണ് ജോർജ് കുര്യൻ വിശദീകരിച്ചത്.
എന്നാൽ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ രംഗത്തെത്തി. എമ്പുരാൻ രാഷ്ട്രീയ അജണ്ടയുള്ള സിനിമയാണെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിന് സിനിമ ഉയോഗിച്ചുവെന്നും മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു. മോഹൻലാൽ സ്വന്തം ആരാധകരെ വഞ്ചിച്ചുവെന്നും ലേഖനത്തിലുണ്ട്. സിനിമയോട് കേരളത്തിലെ ബിജെപി നിലപാട് മയപ്പെടുത്തുമ്പോഴാണ് രൂക്ഷ വിമർശനവുമായി ആർഎസ്എസ് രംഗത്തെത്തിയത്.
അതിനിടെ ചിത്രത്തിന്‍റെ സെൻസർ വിവരങ്ങൾ പുറത്തുവന്നു. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്‍റെ ദൈർഘ്യം കുറച്ചു. ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിനും കട്ട് നൽകി.
എമ്പുരാൻ; വിമർശനങ്ങൾക്കിടെ സെൻസർ വിവരങ്ങൾ പുറത്ത്, സെൻസർ ബോർഡ് നൽകിയത് 2 കട്ടുകളെന്ന് രേഖകൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam