അനുഭവപരിചയം, ചെറുപ്പം, കണ്ണൂർ, ആലപ്പുഴ, പുതിയ മന്ത്രിമാർക്ക് ജില്ലയും പരിഗണനയാകുമോ? സാധ്യതക‌‌ൾ നിരവധി; പക്ഷേ!

Published : Aug 28, 2022, 06:21 PM IST
അനുഭവപരിചയം, ചെറുപ്പം, കണ്ണൂർ, ആലപ്പുഴ, പുതിയ മന്ത്രിമാർക്ക് ജില്ലയും പരിഗണനയാകുമോ? സാധ്യതക‌‌ൾ നിരവധി; പക്ഷേ!

Synopsis

സജി ചെറിയാന് പിന്നാലെ ഗോവിന്ദൻ കൂടി പടിയിറങ്ങുമ്പോൾ രണ്ടുപേ‍ർക്കുള്ള വാതിലാണ് മന്ത്രിസഭയിൽ തുറന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും പിണറായി മന്ത്രിസഭയുടെ മുഖം മിനുക്കാൻ എത്തുക എന്ന കാര്യത്തിലെ ചർച്ച രാഷ്ട്രീയ കേരളത്തിൽ മുറുകിക്കഴിഞ്ഞു

തിരുവനന്തപുരം: അധികാരമേറ്റ് ഒരു വ‍ർഷവും മൂന്ന് മാസവും എട്ട് ദിവസവും പിന്നിടുമ്പോൾ രണ്ടാം പിണറായി സർക്കാരിൽ മാറ്റത്തിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. മന്ത്രിസഭയിലെ രണ്ടാമനെന്ന വിശേഷണമുണ്ടായിരുന്ന എം വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അഴിച്ചുപണി ഉറപ്പായി. ഭരണഘടന 'വിവാദ'ത്തിൽ സജി ചെറിയാൻ രാജിവച്ചതിന് പിന്നാലെ ഗോവിന്ദൻ കൂടി പടിയിറങ്ങുമ്പോൾ രണ്ടുപേ‍ർക്കുള്ള വാതിലാണ് പിണറായി മന്ത്രിസഭയിൽ തുറന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും പിണറായി മന്ത്രിസഭയുടെ മുഖം മിനുക്കാൻ എത്തുക എന്ന കാര്യത്തിലെ ചർച്ച രാഷ്ട്രീയ കേരളത്തിൽ മുറുകിക്കഴിഞ്ഞു.

ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കൊപ്പം എത്താൻ രണ്ടാം മന്ത്രിസഭയിലെ അംഗങ്ങൾക്ക് സാധിക്കുന്നില്ലെന്ന വിമ‍ർശനം നേരത്തെ തന്നെ തുടങ്ങിയതാണ്. ഒരു ഘട്ടത്തിൽ സി പി എം സംസ്ഥാന കമ്മിറ്റിയിൽ പോലും അത്തരം വിമർശനം ഉയർന്നെന്ന വാർത്തകളും കേരളം കേട്ടിരുന്നു. സി പി ഐ സമ്മേളനങ്ങളിലാകട്ടെ പല മന്ത്രിമാർക്കെതിരെയും വലിയ വിമർശനമാണ് പ്രതിനിധികൾ ഉയർത്തുന്നത്. അതിനിടയിലാണ് മുഖം മിനുക്കാൻ പിണറായി സർക്കാരിന് അവസരം കൈവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും എം വി ഗോവിന്ദനും സജി ചെറിയാനും പകരക്കാരായി എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.

'തീരുമാനം പാര്‍ട്ടിയുടേത്, അനുസരിക്കും', സെക്രട്ടറിയാകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ലെന്ന് എം വി ഗോവിന്ദന്‍

തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പിലേക്കും സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക. അതിനിടയിൽ വകുപ്പ് വിഭജനത്തിന് സാധ്യതയുണ്ടോ എന്നതും കണ്ടറിയണം. പല പല പേരുകളും അന്തരീക്ഷത്തിൽ ഇതിനകം ഉയർന്നു കഴിഞ്ഞു. പഴയ മന്ത്രിമാരിൽ ആരെങ്കിലും മടങ്ങിയെത്തുമോ, അതോ പുതുമുഖമാകുമോ എന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും പാർട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാർട്ടി തലത്തിൽ ആലോചനകൾ സജീവമായി നടക്കുന്നുണ്ടെന്ന് മാത്രം. രണ്ടാം മന്ത്രിസഭ പോലെ അപ്രതീക്ഷിതമായ തീരുമാനങ്ങൾ പാർട്ടി കൈകൊണ്ടാലും അത്ഭുതപ്പെടാനില്ല. മന്ത്രി സ്ഥാനത്തിരുന്ന് പ്രാഗത്ഭ്യം തെളിയിച്ചവരെ മടക്കി കൊണ്ടുവന്ന് ഞെട്ടിക്കുമോ എന്നതും കണ്ടറിയണം. അനുഭവപരിചയമുള്ളവർ വേണോ ചെറുപ്പക്കാർ വേണോ, ജില്ലാടിസ്ഥാനത്തിൽ പരിഗണന നൽകണമോയെന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. എം വി ഗോവിന്ദൻ കണ്ണൂരിൽ നിന്നുള്ള മന്ത്രിയായതിനാൽ തന്നെ ജില്ലയ്ക്ക് പരിഗണന ലഭിക്കുമോയന്ന് കണ്ടറിയണം. ഗോവിന്ദനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ച സംസ്ഥാന സമിതി പക്ഷേ ഇക്കാര്യത്തിലൊന്നും തീരുമാനം കൈകൊണ്ടില്ല. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കട്ടെ എന്നാണ് നിലപാട് സ്വീകരിച്ചത്. അതുകൊണ്ടു തന്നെ ഓണത്തിന് ശേഷമാകും തീരുമാനമുണ്ടാകുക. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഓണത്തിന് ശേഷം വിശദമായി ചേർന്നാകും തീരുമാനമെടുക്കുക. അതുവരെ കാത്തിരിക്കാം.

എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, കോടിയേരി ഒഴിഞ്ഞു

ഗോവിന്ദൻ മാഷ് ഇനി പാ‍ർട്ടിയെ 'പഠിപ്പിക്കും'

കോടിയേരി ബാലകൃഷ്ണനിൽ നിന്ന് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം എം വി ഗോവിന്ദനിലേക്ക് എത്തുമ്പോൾ പാർട്ടിയിലെ മറ്റൊരു സൗമ്യമുഖക്കാരൻ കൂടിയാണ് തലപ്പത്തേക്കെത്തുന്നത്. ഒപ്പം പാർട്ടിയിലെ കണ്ണൂർ ആധിപത്യവും തുടരുകയാണ്. നിലപാടിലെ മൃദുത്വവും സ്വീകാര്യതയും കൊണ്ടുകൂടിയാണ് ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന എ വിജയരാഘവനെയും ഇ പി ജയരാജനെയും എ കെ ബാലനെയും മറികടന്ന് പാർട്ടിയുടെ അമരത്തെത്താൻ ഗോവിന്ദന് ബലമേകിയത്. പ്രധാന നേതാക്കളുടെ അഭാവത്തിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.  ഉപജീവനമായി തെരഞ്ഞെടുത്ത അധ്യാപനം തന്നെയായിരുന്നു പാർട്ടി വേദികളിലും ഗോവിന്ദന്റെ നിയോഗം. സ്റ്റഡി ക്ലാസുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സഹപ്രവർത്തകർക്കും അണികൾക്കും ഗോവിന്ദൻ മാസ്റ്ററായിരുന്നു. അണികൾ എം.വി.ഗോവിന്ദന് സൈദ്ധാന്തിക പരിവേഷം നൽകിയത് അദ്ദേഹത്തിന്റെ സ്റ്റഡി ക്ലാസുകൾക്കുള്ള അംഗീകാരം എന്ന നിലയിൽ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ പാ‍ർട്ടിയെ പഠിപ്പിക്കാൻ ഗോവിന്ദനെ ആരും പഠിപ്പിക്കേണ്ടിവരില്ല.

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ