Asianet News MalayalamAsianet News Malayalam

'തീരുമാനം പാര്‍ട്ടിയുടേത്, അനുസരിക്കും', സെക്രട്ടറിയാകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ലെന്ന് എം വി ഗോവിന്ദന്‍

വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. ചില ഘട്ടങ്ങളില്‍ ഉണ്ടായ വിഭാഗീയത പരിഹരിച്ച് മുന്നോട്ട് പോയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

M V Govindan speak about his new position as cpim state secretary
Author
First Published Aug 28, 2022, 5:46 PM IST

തിരുവനന്തപുരം: സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകും. സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. മന്ത്രിസ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും. മന്ത്രിസഭയിലേക്ക് മുന്‍മന്ത്രിമാര്‍ തിരിച്ചെത്തുമെന്നത് മാധ്യമസൃഷ്ടിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. ചില ഘട്ടങ്ങളില്‍ ഉണ്ടായ വിഭാഗീയത പരിഹരിച്ച് മുന്നോട്ട് പോയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.  ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.  ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും. കേരളം ഒരു ബദലായി മുന്നോട്ട് പോകുമെന്നും  ഗോവിന്ദന്‍ പറഞ്ഞു.

പിണറായിയുടെ വഴിയേ ഗോവിന്ദൻ...പുതിയ സെക്രട്ടറിക്ക് മുന്നിൽ ഉത്തരവാദിത്തങ്ങൾ ഏറെ

മന്ത്രിസ്ഥാനം രാജി വച്ച് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന എം വി ഗോവിന്ദന് മുൻഗാമിയുണ്ട്. സാക്ഷാൽ പിണറായി വിജയൻ. നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരിക്കെയാണ്, ചടയൻ ഗോവിന്ദന് പകരക്കാരനായി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. അതും വൈദ്യുതി - സഹകരണ വകുപ്പുകളുടെ ചുമതല ഒഴിഞ്ഞ്. പിന്നീടുണ്ടായത് ചരിത്രം. പാർട്ടിയിൽ എല്ലാ അധികാര കേന്ദ്രങ്ങളും തന്നിലേക്ക് മാത്രമായി ചുരുക്കിയ പിണറായി, എതിരെ നിന്നവരെ ഒരോരുത്തരെയായി ഒഴിവാക്കി. സാക്ഷാൽ വി.എസിനെ ഉൾപ്പെടെ. 

കണ്ണൂർ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങൾ പിണറായിയെ അനിഷേധ്യ നേതാവാക്കി. ഒടുവിൽ ചരിത്രത്തിലാദ്യമായി അധികാരത്തുടർച്ച ഉറപ്പാക്കി തുടരെ രണ്ടാം വട്ടവും മുഖ്യമന്ത്രിയുമായി. 2015 ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറി പദവി ഒഴിഞ്ഞപ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ അധികാരത്തിലേക്ക് എത്തുന്നത്. അന്നുതൊട്ട് സ്ഥാനമൊഴിയുന്ന ഇന്ന് വരെയും പിണറായിയുടെ ശബ്ദം തന്നെയായിരുന്നു കോടിയേരിക്ക്.

അനാരോഗ്യത്തെ തുടർന്ന് കോടിയേരി മാറിയ ഒഴിവിലാണ് എം വി ഗോവിന്ദനിലേക്ക് ആ ദൗത്യം എത്തുന്നത്. നിലവിൽ പിണറായി മന്ത്രിസഭയിലെ രണ്ടാമൻ എന്ന മേൽവിലാസവുമായാണ് ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കുന്നത്. പിണറായിയുടെ കാർക്കശ്യത്തിന് പകരം സൗമ്യതയുടെ മുഖവുമായി. ഭാരിച്ച ഉത്തരവാദിത്തവുമായി. സംസ്ഥാന ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച ഇടതുപക്ഷം ഉറപ്പാക്കിയപ്പോൾ പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരിയായിരുന്നു. പാർട്ടിയും സർക്കാരും രണ്ടല്ല എന്ന് അണികളെ ഓർമിപ്പിച്ച കോടിയേരിക്ക് പകരം ഗോവിന്ദൻ എത്തുമ്പോൾ, അദ്ദേഹത്തിന് മുന്നിൽ ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്. അടുത്ത തലമുറയെ തയ്യാറാക്കേണ്ട ചുമതല ഇനി ഗോവിന്ദനാണ്. ഒപ്പം പിണറായി വിജയനും തുടർന്ന് കോടിയേരിയും ഉറപ്പാക്കിയ കെട്ടുറപ്പ് മുന്നോട്ടുകൊണ്ടുപോകേണ്ടതിന്‍റെയും.

Follow Us:
Download App:
  • android
  • ios