
കാസർകോട്: കൊവിഡ് കാലത്ത് പൊലീസിനെ കണ്ട് ഓടുന്ന നാട്ടുകാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും അത്തരമൊരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ചിരിപടർത്തിയിരിക്കുകയാണ്. കുളത്തിൽ കുളിക്കുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ട് ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇക്കഴിഞ്ഞ ദിവസം കാസർകോട്ടെ മഞ്ചേശ്വരത്തുള്ള ബാച്ചിലിഗയിലാണ് സംഭവം അരങ്ങേറിയത്. എന്നാൽ ഇവിടെ പൊലീസിനെ കണ്ട് യുവാക്കൾ ഓടിയതിന് കാരണം കൊവിഡ് അല്ല, കുടിവെള്ളമാണ് പ്രശ്നം.
മഞ്ചേശ്വരം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന കുളത്തിൽ കുളിക്കുകയായിരുന്ന യുവാക്കളാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. എന്നാൽ ഓടിയവരെല്ലാം കർണാടക സ്വദേശികളാണെന്നാണ് നാട്ടുകാർ പറയുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കുളത്തിൽ കുളിച്ചവരാണ് പൊലീസിനെ കണ്ട് ചിതറിയോടിത്. ഇൻസ്റ്റഗ്രാമിൽ ആരോ പങ്കുവെച്ച കുളത്തിൻ്റെ വീഡിയോ കണ്ടാണ് കുളിക്കാനുള്ള കുളമാണെന്ന് കരുതി ആളുകൾ ഇവിടെ എത്തിയത്. ലൊക്കേഷൻ അടക്കം പങ്കുവെച്ചായിരുന്നു പലരും കുളത്തിൻ്റെ വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.
കുടിവെള്ളത്തിനായി നിർമ്മിച്ച കുളത്തിൽ ആളുകൾ കുളിക്കാൻ എത്തുന്നത് നാട്ടുകാർക്ക് തലവേദനയായതോടെ ആണ് പൊലീസ് ഇടപെട്ടത്. കഴിഞ്ഞ കുറേ കാലമായി ആളുകൾ കുളത്തിൽ ചാടാൻ എത്തുകയാണെന്നും പല തവണ പറഞ്ഞിട്ടും വകവെക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പല സ്ഥലങ്ങളിൽനിന്ന് ആളുകൾ എത്തുന്നതിനെ തുടർന്ന് പ്രദേശത്തെ റോഡിനും നാശം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാരനായ റുഫൈസ് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊലീസിന്റെ പിന്നാലെ വന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ വൈറലായെന്നും റുഫൈസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam