
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വനംവകുപ്പ് ജീവനക്കാരൻ പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ടൗണിലെത്തിച്ച് പ്രതിഷേധിച്ചവര്‍ക്കും അക്രമ സംഭവങ്ങളിലേര്‍പ്പെട്ടവര്‍ക്കുമെതിരെ പുല്‍പ്പള്ളി പൊലീസിന്റെ നടപടി തുടരുന്നു. കേസിൽ കഴിഞ്ഞ ദിവസം എട്ടുപേര്‍ കൂടി കീഴടങ്ങിയതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
അതിനിടെ, അര്‍ധരാത്രിയും പുലര്‍ച്ചെയുമെല്ലാം വീടുകളില്‍ പോലീസെത്തി പരിശോധന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാരോപിച്ച് സഭാ നേതൃത്വം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ഇടപെട്ട് വീടുകളിലെത്തിയുള്ള അറസ്റ്റ് നിര്‍ത്തിവെപ്പിച്ചിരുന്നു. പിന്നീട് പൊലീസ് നല്‍കിയ പ്രതിപ്പട്ടികയിലുള്ളവരെ സഭാനേതൃത്വം സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.
അമരക്കുനി നെല്ലിമൂട്ടില്‍ ജോസഫ് ഫ്രാന്‍സിസ്, ശശിമല കാരക്കാട്ടില്‍ കെ.കെ. ബിജു, കാപ്പിസെറ്റ് താഴെപ്പിള്ളില്‍ മാത്യു സ്റ്റീഫന്‍, അമരക്കുനി വാഴയില്‍ സുനീഷ്, അമരക്കുനി കരീക്കാട്ടില്‍ ജോഷി, അമരക്കുനി വാഴയില്‍ ബിനീഷ് , അമരക്കുനി വാഴയില്‍ ഗ്രേറ്റര്‍, ആടിക്കൊല്ലി കരുമ്പനായില്‍ ലിബിന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ബുധനാഴ്ച രാവിലെ മുള്ളന്‍കൊല്ലി സെയ്ന്റ് മേരീസ് ഫൊറോന പള്ളിവികാരി ഫാ. ജെസ്റ്റിന്‍ മൂന്നനാല്‍, ആടിക്കൊല്ലി സെയ്ന്റ് സെബാസ്റ്റ്യന്‍ ദേവാലയ വികാരി ഫാ. ജോസ് വടയപറമ്പില്‍, ചീയമ്പം ചൈതന്യ ആശ്രമത്തിലെ ഫാ. മനോജ് പ്ലാത്തോട്ടത്തില്‍, ശിശുമല ഉണ്ണീശോ ദേവാലയ വികാരി ഫാ. ബിജു മാവറ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയവരില്‍ എട്ടുപേരില്‍ മൂന്നുപേര്‍ കടുവയുടെ ആക്രമണത്തില്‍ മൂരിക്കിടാവിനെ നഷ്ടപ്പെട്ട വാഴയില്‍ ബേബിയുടെ കുടുംബത്തില്‍ നിന്നുള്ളവരാണ്. പുല്‍പള്ളി ടൗണില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് മൂരിക്കിടാവിനെ കടുവകൊന്നത്. ഇതോടെ ബേബിയുടെ ബന്ധുക്കളും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് മൂരിക്കിടാവിന്റെ ജഡം വാഹനത്തില്‍ക്കയറ്റി പുല്‍പ്പള്ളിയിലെത്തിച്ച് ഇവിടെ തടഞ്ഞുവെച്ച വനംവകുപ്പിന്റെ ജീപ്പിന് മുകളില്‍ കെട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ തങ്ങളാരും അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് പ്രതികാര ബുദ്ധിയോടെ കേസില്‍പ്പെടുത്തിയതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പോളിന്റെ മൃതദേഹം ആംബുലന്‍സില്‍ ഒരു ഭാഗത്തും മൂരിക്കിടാവിന്റെ മൃതദേഹം വനംവകുപ്പിന്റെ ജീപ്പിന് മുകളിലും കെട്ടിവെച്ച് കൊണഅടായിരുന്നു പ്രതിഷേധം. പാക്കം വെള്ളച്ചാലില്‍ പോള്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
https://www.youtube.com/watch?v=Ko18SgceYX8